| Wednesday, 28th August 2019, 10:57 am

മോദി സര്‍ക്കാറിന്റെ എതിര്‍പ്പ് സുപ്രീം കോടതി തള്ളി: യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതാറാം യെച്ചൂരിക്ക് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.

തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് അനുമതി. ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്ന് കോടതി നിര്‍ദേശം നല്‍കി. രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് നാലിന് തരിഗാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിരവുമില്ലെന്ന് യെച്ചൂരി കോടതിയെ അറിയിക്കുകയായിരുന്നു. തരിഗാമിയെക്കുറിച്ച് സര്‍ക്കാര്‍ യാതൊരു വിവരവും നല്‍കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ തരിഗാമി സുരക്ഷിതനാണെന്നും യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കു പിന്നാലെ വീട്ടുതടങ്കലിലായിരുന്നു തരിഗാമി. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തരിഗാമിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞായിരുന്നു ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ച് സി.പി.ഐ.എം സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു.

തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more