ന്യൂദല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം സി.പി.ഐ.എം അധികാരത്തില്‍ വന്നാല്‍ പോളിറ്റ്ബ്യൂറോ അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബിയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിയിലെ സ്ഥാനം മാത്രമല്ല ബാധകം. പാര്‍ട്ടിക്ക് അധികാരം കിട്ടിയാല്‍ പി.ബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്ന് പൊതു തത്വമില്ലെന്നും യെച്ചൂരി പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ്. ഇതില്‍ പ്രവര്‍ത്തന പരിചയവും ഭരണത്തിനുള്ള കഴിവും എല്ലാം ഉള്ള ആളുകളെയാണ് പരിഗണിക്കുക. അതിന് പ്രത്യേക ഫോര്‍മുലയൊന്നും ഇല്ല.
എന്നാല്‍ എല്‍.ഡി.എഫിന്റെ അഭിപ്രായവും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പരിഗണിക്കുമെന്നും അന്തിമ നിലപാട് പി.ബിയുടേതാവുമെന്നും യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന് ഒരുറപ്പും നല്കിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കുക മാത്രമാണ് ചെയ്തത്.
വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇപ്പോഴുയരുന്ന അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.