ന്യൂദല്‍ഹി: ശബരിമല കേസില്‍ കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
സ്‌റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും യെച്ചൂരി പറഞ്ഞു.
സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധി അനുസരിച്ച് തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പ്രതികരിച്ചു. ഹരജി വിശാല ബെഞ്ചിലേക്ക് വിട്ട സാഹചര്യത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ആരും ഉപയോഗിക്കരുതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. കോടതിയെ തര്‍ക്കവിഷയമാക്കരുത്. കോണ്‍ഗ്രസിന്റെ ഓരോ നേതാക്കള്‍ക്കും ഓരോ നിലപാടാണ്. വിശ്വാസികള്‍ക്ക് സമാധാനപരമായി സന്നിധാനത്ത് ദര്‍ശനം നടത്താനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മലചവിട്ടാന്‍ യുവതികള്‍ എത്തിയാല്‍ അത് അപ്പോള്‍ നോക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്റെ വിധി എന്താണെന്നറിയാന്‍ കാത്തിരിക്കാന്‍ മാത്രമേ കഴിയുള്ളൂവെന്നായിരുന്നു സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും എല്ലായിടത്തും തുല്യത വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമല വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്.