ന്യൂദല്‍ഹി: ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയെ കശാപ്പു ചെയ്‌തെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
‘മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 8.30 വരെ എന്‍.സി.പിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നതാണ്. എന്നിട്ടും എങ്ങനെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുക.’ യെച്ചൂരി ചോദിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ നാണംകെട്ട ആക്രമണമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു.
‘ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ മൗലികാവകാശങ്ങളുടെ നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയാണ് ഏറ്റവും പുതിയ അധ്യായം.’, യെച്ചൂരി പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു കേന്ദ്ര മന്ത്രിസഭയില്‍ ധാരണയായ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവ സേനയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് സമയം നിഷേധിച്ചതിനെതിരെയാണ് ശിവസേന സുപ്രീം കോടതിയില്‍ പോയത്. ഗവര്‍ണര്‍ ബി.ജെ.പിയോട് പക്ഷപാതം കാട്ടിയെന്നും ശിവസേന പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി എട്ട് മണിക്ക് തീരുമാനം പ്രഖ്യാപിക്കുമെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അവസാന തീരുമാനം എട്ട് മണിക്ക് പ്രഖ്യാപിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞിരുന്നു.