| Monday, 4th March 2019, 5:28 pm

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ ഏകകണ്ഠമല്ല; കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ ഇടത് മുന്നണി മല്‍സരിക്കില്ല: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ ഏകകണ്ഠമല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തീരുമാനത്തോട് കേന്ദ്ര കമ്മറ്റിയിലെ ഭൂരിപക്ഷവും യോജിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

ആറ് സീറ്റുകളിലാണ് കോണ്‍ഗ്രസുമായി നീക്കുപോക്കിന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ധാരണയായത്. ധാരണ പ്രകാരം കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. സി.പി.ഐ.എമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമുണ്ടാകില്ല.


സി.പി.ഐ.എം പി.ബി അംഗം എം.ഡി സലീം ജയിച്ച റായ്ഗഞ്ചും ബദറുദ്ദോസ ഖാന്‍ ജയിച്ച മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെയാണ് ബംഗാളിലെ കോണ്‍ഗ്രസ്- സി.പി.ഐ.എം ധാരണാ ചര്‍ച്ച വഴിമുട്ടിയിരുന്നത്.

ഈ രണ്ട് സീറ്റുകളും വിട്ടുകൊടുത്തുകൊണ്ടുള്ള ധാരണ വേണ്ടെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് ഈ സീറ്റുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറായി.


അതേസമയം, ബി.ജെ.പി – തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഈ മാസം എട്ടിന് ചേരുന്ന യോഗത്തില്‍ ബാക്കി സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more