ന്യൂദല്‍ഹി: ബംഗളൂരു മയക്കു മരുന്ന് കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. ബിനീഷിന്റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
ബെംഗളൂരുവില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിനെ ഇന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്.
ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തത്. ശാന്തിനഗറിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 10 മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്.
അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം പണവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.
50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഈ വഴി സമാഹരിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്‍കിയവരില്‍ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു. പണത്തിന്റെ സ്രോതസ് വ്യക്തമായില്ലെങ്കില്‍ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ താന്‍ വെറും ആറ് ലക്ഷം രൂപ മാത്രമാണ് അനൂപിന് നല്‍കിയത് എന്നായിരുന്നു ബിനീഷ് മൊഴി നല്‍കിയത്.
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക