ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും പാഴ്‌സികള്‍ക്കും ബാധകമല്ല, പിന്നെ ആരാണ് ബാക്കിയുള്ളത്, മുസ്‌ലിങ്ങള്‍ മാത്രം; ഏകസിവില്‍ കോഡില്‍ യെച്ചൂരി
India
ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും പാഴ്‌സികള്‍ക്കും ബാധകമല്ല, പിന്നെ ആരാണ് ബാക്കിയുള്ളത്, മുസ്‌ലിങ്ങള്‍ മാത്രം; ഏകസിവില്‍ കോഡില്‍ യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2023, 11:41 am

ന്യൂദല്‍ഹി: ഏകരൂപം എന്നതിന് സമത്വം എന്ന് അര്‍ത്ഥമില്ലെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യം വെക്കുന്നത് എന്താണെന്ന് വ്യക്തമാണെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ കാര്യത്തിലാണ് കേന്ദ്രം ഏകീകൃതരൂപം കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.

സ്ത്രീകള്‍ക്ക് തുല്യാവകാശം, ലിംഗനീതി, ലിംഗാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐ.എം നിരന്തരം പ്രചാരണം നടത്തിവരുന്നുണ്ട് എന്നാല്‍, ഏകീകൃത സിവില്‍ കോഡ് അതില്‍നിന്നൊക്കെ വിഭിന്നമാണ്. ഏകരൂപം എന്നാല്‍ സമത്വമല്ല. എന്തിന്റെ കാര്യത്തിലുള്ള ഏകീകരണമാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും പാഴ്സികള്‍ക്കും യു.സി.സി ബാധകമല്ലെന്ന് പറയുന്നു. ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്ന് കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നെ ഇത് ആര്‍ക്കാണ് ബാധകമാകുക, ആരാണ് ഇതില്‍ പിന്നെ അവശേഷിക്കുന്നത്.
മുസ്‌ലിങ്ങള്‍ മാത്രം. ഇതില്‍ നിന്ന് തന്നെ കേന്ദ്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.

‘നിങ്ങള്‍ പറയുന്ന ഈ ഏകീകൃത സിവില്‍ കോഡ് എന്താണ്? എന്ത് ഏകീകൃതമാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് തുല്യാവകാശം, ലിംഗനീതി, ലിംഗാവകാശം എന്നീ വിഷയങ്ങളില്‍ ഞങ്ങള്‍ നിരന്തരം പ്രചാരണം നടത്തി വരുന്നുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് എന്നത് അതില്‍ നിന്നൊക്കെ വിഭിന്നമായ ഒരു കാര്യമാണ്.

ഏകരൂപം എന്നാല്‍ സമത്വം എന്നല്ല. നിങ്ങള്‍ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്ന വലിയ വിഭാഗത്തില്‍പ്പോലും, അവരുടെ വ്യക്തിഗത അവകാശങ്ങളും നിയമങ്ങളും വ്യത്യസ്തമാണ്. ഞാന്‍ ഒരു ഹിന്ദു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. എന്റെ അമ്മാവന് എന്റെ സഹോദരിയുടെ മകളെ വിവാഹം കഴിക്കാം. എന്നാല്‍ എന്റെ അയല്‍വാസികള്‍ക്ക് ഇത് അനുവദനീയമല്ല.

ബന്ധുവിനെ തന്നെ വിവാഹം കഴിക്കാന്‍ പറ്റുന്ന ചില കമ്യൂണിറ്റികളുണ്ട്. അവരെയെല്ലാം നിങ്ങള്‍ ഏകരൂപത്തിലേക്ക് കൊണ്ടുവരാന്‍ പോകുകയാണോ? ഖാപ് പഞ്ചായത്തുകള്‍ ഉണ്ടാകില്ല എന്നാണോ നിങ്ങള്‍ പറയാന്‍ പോകുന്നത്? നികുതി നിയമങ്ങളുമായി ബന്ധപ്പെട്ടവയൊന്നും ഇല്ലാതാവുമെന്നാണോ കരുതുന്നത്. ഹിന്ദു അവിഭക്ത കുടുംബം ഇല്ലാതാകുമെന്നാണോ കരുതുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ ഒരു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടതിന് ശേഷം പറഞ്ഞത് ആദിവാസികള്‍ക്ക് ഏകീകൃത സിവില്‍ കോഡ് ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയെന്നാണ്.

ഇപ്പോള്‍ ക്രിസ്ത്യാനികളും ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. സിഖുകാരും പാഴ്സികളും അത് തന്നെയാണ് പറയുന്നത്. അപ്പോള്‍ പിന്നെ ഇത് ആര്‍ക്കാണ് ബാധകുമാകുന്നത്. ആരാണ് പിന്നെ അവശേഷിക്കുന്നത്.

ക്രിസ്ത്യാനികളല്ല, ആദിവാസികളല്ല, സിഖുകാരല്ല, പാഴ്‌സികളല്ല. അപ്പോള്‍, ആരാണ്? അവശേഷിക്കുന്നത് മുസ്‌ലിങ്ങള്‍ മാത്രമാണ്. കേന്ദ്രത്തിന്റെ ആവശ്യം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. 2024 വരെ ഈ ധ്രുവീകരണത്തിന് ഊന്നല്‍ നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വ്യക്തമായ ഒരു കരട് രൂപരേഖ പോലും ഇല്ലാതെ അവര്‍ ഈ വിഷയം ഉന്നയിക്കുന്നത്. നിങ്ങള്‍ ഒരു കരട് രൂപരേഖയെങ്കിലും മുന്നോട്ടുവെക്കൂവെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്.

മുസ്‌ലിം സമുദായത്തില്‍ ബഹുഭാര്യാത്വം പോലുള്ളവ അവസാനിക്കുമെന്നാണല്ലോ ഏകസിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവര്‍ പോലും പറയുന്നത്. സ്ത്രീകളുടെ അവകാശത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഏകീകൃത സിവില്‍ കോഡ് വഴി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് നിയമപ്രകാരമുള്ള ബഹുഭാര്യാത്വം ഇതിനകം തന്നെ നിയമവിരുദ്ധമാണെന്നും മാത്രമല്ല മുസ്‌ലീങ്ങള്‍ക്കിടയിലുള്ളതിനേക്കാള്‍ ബഹുഭാര്യത്വം ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടെന്നാണ് വിവിധ സെന്‍സസുകള്‍ സൂചിപ്പിക്കുന്നതെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.

ഇനി ഈ വ്യക്തിനിയമങ്ങളും വ്യക്തിഗത രീതികളും പരിഷ്‌കരിക്കണമെന്നാണെങ്കില്‍ അവരെ ഒരുമിച്ച് കൊണ്ടുവന്ന് അവരുമായി ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ ഒരു സംഘര്‍ഷം ഉണ്ടാക്കുകയല്ല വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് അംഗബലം കുറവാണെങ്കിലും ജനകീയ സമരങ്ങളിലൂടെ ദേശീയ അജണ്ടയെ സ്വാധീനിക്കാന്‍ തങ്ങള്‍ക്ക് സാധിക്കാറുണ്ടെന്നും യെച്ചൂരി അഭിമുഖത്തില്‍ പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികളും അനുബന്ധ സംഘടനകളും പ്രഖ്യാപിച്ച കര്‍ഷക പ്രതിഷേധം അതിനൊരു ഉദാഹരണം മാത്രമാണെന്നും യെച്ചൂരി വ്യക്തമാക്കി.

ഇന്ത്യയില്‍ എക്കാലത്തും വര്‍ഗീയമായൊരു അന്തര്‍ധാര സജീവമായിരുന്നെന്നും എന്നാല്‍ അന്ന് നാല് ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പരസ്യമായി പറയുന്നു എന്നതാണ് വ്യത്യാസമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Content Highlight: Sitharam Yechuri about UCC and BJP Agenda