രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനം; ബി.ജെ.പിക്ക് ചില ലക്ഷ്യങ്ങളുണ്ട്: യെച്ചൂരി
India
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനം; ബി.ജെ.പിക്ക് ചില ലക്ഷ്യങ്ങളുണ്ട്: യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2023, 12:53 pm

കണ്ണൂര്‍: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ നേട്ടമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യ മുന്നണിയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ തീരുമാനമുണ്ടെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷം ഏറ്റവും ദുരിതം നിറഞ്ഞതായിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി. കാര്‍ഷികോല്‍പ്പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയ്യില്‍ ആവശ്യത്തിന് പണം ഇല്ലാതായി. രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും യെച്ചൂരി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതവിദ്വേഷം വളര്‍ത്താനുള്ള രാഷ്ട്രീയ പദ്ധതിയാണ്. രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി അയോധ്യയെ ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് സര്‍ക്കാരും ശ്രമിക്കുന്നത്.

മതവിശ്വാസങ്ങള്‍ക്ക് സി.പി.ഐ.എം എതിരല്ല. എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്ളവരുടെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ്.

ഭരണകൂടം ഒരു മതത്തിന്റെയും രക്ഷകര്‍ത്താവാകരുതെന്നും അത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും യെച്ചൂരി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുകയാണെന്ന് യെച്ചൂരി നേരത്തെ വിമര്‍ശിച്ചിരുന്നു. ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടിനയം. പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മതപരമായ ബന്ധം പാടില്ലെന്നതും നിഷ്പക്ഷത വേണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സീതാറാം യെച്ചൂരിക്കെതിരെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. സീതയും രാമനും പേരിലുള്ള യെച്ചൂരി ചടങ്ങ് ബഹിഷ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘പേരില്‍ സീതയും രാമനും ഉള്ള ഒരാളെന്ന നിലയില്‍ അദ്ദേഹം എടുത്ത നിലപാടില്‍ ഞാന്‍ അതിശയിക്കുന്നു. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്’, സിന്ധ്യ പറഞ്ഞു.

 

Content Highlight: Sitharam Yechuri about Ramakshethra temple inaguration issue