ന്യൂദല്‍ഹി: ജാമിഅ മിലിയ വെടിവെപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പ്രധാനമന്ത്രിയുടെ നിശബ്ദതക്കൊപ്പം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനവും ഈ ലജ്ജാകരമായ ഫലത്തിലേക്ക് നയിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇത്തരത്തിലുള്ള ഇന്ത്യയാണ് ഈ സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു സീതാറം യെച്ചൂരിയുടെ പ്രതികരണം. ഒപ്പം ജാമിഅ മിലിയയില്‍ വെടിവെപ്പ് നടക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ജാമിയ വെടിവെപ്പിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ രംഗത്തെത്തിയിരുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ജാമിഅ മിലിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വെടിവെപ്പെന്നായിരുന്നു ഡി. രാജയുടെ പ്രതികരണം.
ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു .ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.
പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ