ആലാപന ശൈലിയിലെ വ്യത്യസ്തത കൊണ്ട് വലിയ രീതിയിൽ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ.
സംഗീതത്തിനു പുറമേ തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും സിത്താര പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ തന്റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിത്താര. താനൊരു ഇടതുപക്ഷക്കാരിയാണ് എന്നാണ് സിത്താര പറയുന്നത്.
അതിനൊരു വിശാലമായ അർത്ഥമുണ്ടെന്നും എന്നാൽ പാർട്ടി പൊളിറ്റിക്സ് ആയിട്ടോ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായിട്ടോ ബന്ധമില്ലെന്നും സിത്താര വ്യക്തമാക്കി.
നമ്മുടെ ആശയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചോയ്സ് തെരഞ്ഞെടുക്കുക എന്നത് മാത്രമേ ജനാധിപത്യത്തിൽ ഇപ്പോൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സിത്താര പറഞ്ഞു.
‘ഞാനൊരു ലെഫ്റ്റിസ്റ്റാണ് എന്തായാലും. അതിന് വിശാലമായൊരു അർത്ഥമുണ്ട്. ഇപ്പോൾ പറയുമ്പോൾ പോലും നമ്മൾ ചില വാക്കുകൾ ഉപയോഗിക്കാൻ മടിക്കുന്നത് അതിനെ തുടർന്നുണ്ടാവുന്ന ചർച്ചകൾക്ക് നമ്മൾ ഉത്തരം പറയേണ്ടി വരുന്നത് കൊണ്ടാണ്. അങ്ങനെയല്ല. ഇത് വിശാലമായൊരു ആശയമാണ്.
അതിനകത്ത് നമുക്ക് ഓപ്പോസിറ്റ് ജൻഡറിനോട് പ്രകൃതിയോട് മനുഷ്യനോട് നമ്മൾ പറയുന്ന വാക്കുകളോട് പോലും ഉത്തരവാദിത്തം ഉള്ളൊരു ഇടമാണ്.
അതിന് പാർട്ടി പൊളിറ്റിക്സ് ആയിട്ടോ നിലവിലെ രാഷ്ട്രീയമായിട്ടോയൊന്നും ബന്ധമില്ല. നമ്മുടെ ആശയങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു ചോയ്സെടുക്കുക എന്നത് മാത്രമേ ജനാധിപത്യത്തിൽ ഇപ്പോൾ നമുക്ക് ചെയ്യാൻ കഴിയുകയുള്ളൂ,’സിതാര പറയുന്നു.
Content Highlight: Sithara Talk About Her Politics