Entertainment
നിവിന്‍ പോളിക്കായി പാട്ട് ചെയ്ത ആളുതന്നെയാണോ ആ ലാലേട്ടന്‍ ചിത്രത്തിന്റെ പാട്ട് പാടിയതെന്ന് സംശയം തോന്നും: സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 06:17 am
Friday, 24th January 2025, 11:47 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സംഗീതപ്രേമികള്‍ക്ക് ഇടയില്‍ വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ സിത്താരക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ സംഗീത സംവിധായകനും ഗായകനുമായ ഷാന്‍ റഹ്‌മാനെ കുറിച്ച് പറയുകയാണ് ഗായിക. അദ്ദേഹത്തിന്റെ പാട്ടുകള്‍ വളരെ വേര്‍സറ്റൈല്‍ ആണെന്നും അത് തന്നെയാണ് ഷാന്‍ റഹ്‌മാന്റെ പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും സിത്താര പറയുന്നു. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക.

‘ഷാനുക്കയുടെ പാട്ടുകള്‍ വളരെ വേര്‍സറ്റൈല്‍ ആണ്. പലതരം പാട്ടുകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അത് തന്നെയാണ് ഷാനുക്കയുടെ പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ഫിലിം കമ്പോസര്‍ എന്ന രീതിയില്‍ ഷാനുക്ക അതത് സിനിമക്ക് വേണ്ട പാട്ടുകളാണ് ഉണ്ടാക്കുന്നത്.

അത്തരത്തില്‍ ഒരുപാട് മികച്ച പാട്ടുകളുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു പ്ലേ ലിസ്റ്റ് ഉണ്ടാക്കിയാല്‍ നമുക്ക് അത് മനസിലാകും. എന്നോട് തന്നെ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. അതായത് തിരുവാവണി രാവും (ജേക്കബിന്റെ സ്വര്‍ഗരാജ്യം) പൊന്നിന്‍ കണിക്കൊന്നയും (ഗോദ) പാടുമ്പോള്‍ അതിന്റെ ഡീറ്റെയില്‍സൊക്കെ ഷാനുക്ക എങ്ങനെയാണ് പറഞ്ഞു തരികയെന്നാണ് ചോദിക്കുക.

സത്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങള്‍ ഷാനുക്ക വളരെ കൃത്യമായി തന്നെ പറഞ്ഞു തരും. അത് ഷാനുക്കയുടെ തന്നെ ഡിസൈനാണ്. സംശയങ്ങളൊന്നും ബാക്കിയാക്കാതെ പറഞ്ഞു തരുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ചില സമയത്ത് കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കന്‍ സെല്‍ഫി) എന്ന പാട്ട് ചെയ്ത ആള്‍ തന്നെയാണോ ജിമിക്കി കമ്മല്‍ (വെളിപാടിന്റെ പുസ്തകം) ചെയ്തതെന്ന് സംശയം തോന്നും. സിനിമക്കും അത് തന്നെയല്ലേ വേണ്ടത്,’ സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.

Content Highlight: Sithara Krishnakumar Talks About Shan Rahman