|

വിവാഹത്തിന് സ്വർണം ധരിക്കില്ലെന്നത് എന്റെ തീരുമാനമായിരുന്നു, പെൺകുട്ടികൾ അവരുടെ സ്വന്തം കാലിൽ നിൽക്കണം; സിത്താര കൃഷ്ണകുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായികയായ സിത്താര കൃഷ്ണകുമാർ. സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിത്താര.

ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഗായിക ഈ കാര്യങ്ങൾ പറഞ്ഞത് . ‘ഏറ്റവും പ്രധാനപ്പെട്ട കാര്യം സൗഹൃദമാണ്. ആര് തന്നെയായാലും തമ്മിൽ സൗഹൃദം വേണം. ഭാര്യാ ഭർത്താവ് എന്ന റിലേഷൻഷിപിൽ ഭാര്യ ഭർത്താവ് എന്നുള്ള ഒരു കണക്ഷനുണ്ട്. അതിനപ്പുറത്തേക്ക് സൗഹൃദവും വേണം. സുഹൃത്ത് ബന്ധമാണ് ഒട്ടും ജഡ്ജ്‌മെന്റൽ അല്ലാത്ത അൺകണ്ടീഷണൽ ആയിട്ടുള്ള സ്നേഹം എന്ന് പറയുന്നത്. അതിൽ അധികാരമില്ല, ആരും ആരുടേയും മുകളിലാണെന്ന ചിന്തയില്ല. തുല്യരായി കാണാൻ സാധിക്കുന്നത് സുഹൃത്തുക്കൾക്കാണ്. അത് വളരെ പ്രധാനപെട്ടതാണ്. അപ്പോൾ നമുക്ക് എന്തും തുറന്നുപറയാൻ സാധിക്കും. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സാധിക്കും. പിന്നെ ഡൊമസ്റ്റിക് വയലൻസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ആളുകൾ കാലങ്ങളായി കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്. കുറെ ധാരണകളുടെ പുറത്താണ് ആളുകൾ ജീവിച്ചിരിക്കുന്നത്. ഇത് പുരാതനകാലം മുതൽ തുടങ്ങിയതാണ്. ഭാര്യ എങ്ങനെ പെരുമാറണം, മകൾ എങ്ങനെ പെരുമാറണം, മകളുടെ കല്യാണം കഴിഞ്ഞാൽ ഫാമിലി വേറെയാണ് എന്നൊക്കെ ചിന്തയാണ്. കാരണം പെട്ടെന്ന് എല്ലാ ബന്ധങ്ങളും ഒഴിവാക്കി പുതിയ ഒരാളായി ജീവിക്കുക എന്നതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണത്. ഏതൊക്കെ മാറും.

ഓരോ കാര്യങ്ങൾ പഠിക്കാനായി വിസ്മയയുടെ മരണം പോലെയുള്ള വാർത്തകൾക്ക് വേണ്ടി കാത്തിരിക്കരുത്. എന്റെ വിവാഹത്തിന് ഞാൻ സ്വർണം ധരിക്കുന്നില്ലെന്നത് എന്റെ തീരുമാനമായിരുന്നു. എന്റെ അമ്മക്കും അച്ഛനും അതിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. എന്നിട്ടും കുടുംബക്കാർക്കിടയിൽ മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. അത്തരം തീരുമാനങ്ങൾ കുട്ടികൾ എടുക്കേണ്ടതുണ്ട്.

വിസ്മയയുടെ അമ്മ പറഞ്ഞതുപോലെ പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കേണ്ടത് വളരെ പ്രധാനപെട്ടതാണ്. കുട്ടികൾ അവരുടെ തീരുമാനങ്ങൾ എടുക്കാനുള്ള സാഹചര്യത്തിലേക്ക് അവരുടെ കൈ പിടിച്ചു ഒപ്പം നിൽക്കുകയാണ് വേണ്ടത്. ഒരാൾ മുന്നിൽ നടക്കാനോ അല്ലെങ്കിൽ പിന്നിൽ നിന്ന് ഉന്താൻ ആളോ അല്ല വേണ്ടത്. നമുക്ക് ഒപ്പം നടക്കാനാണ് ആളുവേണ്ടത്. അങ്ങനെ ആളുകളുണ്ടാകുമ്പോൾ നമുക്ക് ധൈര്യം വരും.’ എന്നാണു സിത്താര പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.

Content Highlight: Sithara Krishnakumar talking about Vismaya case and relationships