കവര്‍ സോങ്ങ്‌സ് ചെയ്യുന്നത് ക്വിക്ക് അറ്റന്‍ഷന് വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്: സിത്താര കൃഷ്ണകുമാര്‍
Film News
കവര്‍ സോങ്ങ്‌സ് ചെയ്യുന്നത് ക്വിക്ക് അറ്റന്‍ഷന് വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്: സിത്താര കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th May 2022, 8:02 am

കവര്‍ സോങ്ങ്‌സ് ചെയ്യുന്നത് ക്വിക്ക് അറ്റന്‍ഷന് വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ടെന്ന് സിത്താര കൃഷ്ണ കുമാര്‍. ഒറിജിനല്‍ കമ്പോസിഷന്‍ എന്ന നിലയില്‍ ഒറിജിനല്‍ കമ്പോസര്‍ അവരുടെ സമയവും അവരുടെ ഇമോഷന്‍സുമൊക്കെ അതില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്നും അതിനെ ഡിസ്റ്റര്‍ബ് ചെയ്യാമോ ഇല്ലയോ എന്നുള്ളത് ഒരു ചോദ്യമാണെന്നും സിത്താര പറയുന്നു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഗീത രംഗത്ത് ട്രെന്‍ഡിങ്ങായതാണ് കവര്‍ സോങ്ങ്സ്. പാട്ടുകളെ അതേ ട്യൂണിലും വരികളിലും വീണ്ടും റീക്രിയേറ്റ് ചെയ്യുന്ന പ്രവണതയാണിത്. ആദ്യം പഴയ പാട്ടുകള്‍ വെച്ച് തുടങ്ങിയ രീതി പിന്നീട് ലേറ്റസ്റ്റായി ഇറങ്ങുന്ന പാട്ടുകളിലേക്കും കടന്നുവന്നു. ഇതില്‍ പലതും വലിയ രീതിയില്‍ സ്വീകരിക്കപ്പെടാറുണ്ടെങ്കിലും ചിലര്‍ക്ക് കവര്‍ സോങ്ങ്സിന്റെ പേരില്‍ വിമര്‍ശനവും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

നിരവധി കവര്‍ സോങ്ങ്‌സ് പാടി ഹിറ്റാക്കിയ സിത്താര ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കവര്‍ സോങ്ങ്‌സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചത്.

‘കവര്‍ സോങ്ങ്‌സ് ക്വിക്ക് അറ്റന്‍ഷന് വേണ്ടിയിട്ടുള്ളതാണെന്ന് തോന്നിയിട്ടുണ്ട്. കേള്‍വി ശീലത്തില്‍ നിന്നാണല്ലോ പാട്ടുണ്ടാകുന്നത്. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അത് പാടാന്‍ കൊതി തോന്നും. സ്വഭാവികമായി എല്ലാ മനുഷ്യരും ചെയ്യുന്നതാണ്. ഒരു പാട്ട് കേട്ടിട്ട് രണ്ടാമത് മൂളുന്നത് കവര്‍ വേര്‍ഷനാണ്. എല്ലാവരും ചെയ്യുന്ന കാര്യമാണത്.

ഇതില്‍ പ്രശ്‌നം വരുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍, ഒറിജിനല്‍ കമ്പോസിഷന്‍ എന്ന നിലയില്‍ ഒറിജിനല്‍ കമ്പോസര്‍ അവരുടെ സമയവും അവരുടെ ഇമോഷന്‍സുമൊക്കെ അതില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടാവും. അതിനെ ഡിസ്റ്റര്‍ബ് ചെയ്യാമോ ഇല്ലയോ എന്നുള്ളത് ഒരു ചോദ്യമാണ്. മ്യൂസിക്കാലിറ്റി വെച്ചിട്ട് പാട്ടിനെ വേണമെങ്കില്‍ വേറെ രീതിയില്‍ വിശദീകരിക്കാനുമൊക്കെ സ്വതന്ത്ര്യം ആര്‍ട്ടിസ്റ്റിനുണ്ട്.

പക്ഷേ ഇത് മറ്റൊരു വ്യക്തി അയാളുടെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിചാരിക്കുന്ന ഒരു നിമിഷത്തില്‍ ഉണ്ടാക്കിയ ഒരു ക്രിയേഷനാണെന്ന് ഒരു പോയിന്റില്‍ ആലോചിക്കണം. ആ ഉണ്ടാക്കിയ ആള്‍ ഇപ്പോള്‍ ഉണ്ടായി എന്ന് തന്നെ വരില്ല, ഉള്ള ആള്‍ക്കാരുമുണ്ടാവും. കമ്പോസേഴ്‌സിന്റെ ഒരു സെന്റിമെന്റ്‌സുണ്ടല്ലോ, അതിന്റെ മുകളില്‍ അത് കേട്ട ആള്‍ എങ്ങനെ കണക്റ്റ് ചെയ്യുന്നു എന്നുള്ളത് പ്രധാനമാണ്. അതിനെ നമ്മള്‍ ഡിസ്റ്റര്‍ബ് ചെയ്യാന്‍ പാടില്ല എന്നൊരു തോന്നല്‍ എനിക്ക് എപ്പോഴും വരാറുണ്ട്.

പിന്നെ നമ്മള്‍ കൊതി കൊണ്ടാണ് ഈ കവര്‍ സോംഗ്‌സ് ഒക്കെ പാടുന്നത്. ആ പാട്ട് കേള്‍ക്കുമ്പോള്‍ അവരെന്തായിരിക്കും ആലോചിച്ചിട്ടുണ്ടാവുക എന്ന് അന്വേഷിക്കാന്‍ ഒന്ന് നോക്കും. അത്രേയുള്ളു. അതില്‍ കൂടുതല്‍ മ്യൂസിക്കാലിറ്റി എന്ന ടൂള്‍ വെച്ചിട്ട് വിശദീകരിക്കാന്‍ അങ്ങനെ ശ്രമിച്ചിട്ടില്ല,’ സിത്താര പറഞ്ഞു.

Content Highlight: Sithara Krishnakumar says that one thing to keep in mind while covering the song is not to affect the emotions of the original composer