തനിക്കറിയാവുന്ന നല്ല ഹ്യമന്‍ ബീയിങ്‌സിലൊരാള്‍ ഗായിക ജ്യോത്സ്‌നയെന്ന് സിത്താര കൃഷ്ണകുമാര്‍. തങ്ങളെയൊക്കെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്ത സിങ്ങറാണ് ജ്യോത്സ്‌നയെന്നും സിത്താര പറഞ്ഞു. സ്വപ്‌നം കാണുന്നതില്‍ ഭയങ്കരമായി ഇന്‍ഫ്‌ളൂവന്‍സ് ചെയ്ത സമപ്രായക്കാരിയാണ് ജ്യോത്സ്‌നയെന്നും അവര്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ജ്യോത്സ്‌ന ഏറ്റവും നല്ല ഫെല്ലോ മ്യുസീഷ്യനാണ്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല ഹ്യമന്‍ ബീയിങ്ങ്‌സിലൊരാളാണ്. ഞങ്ങളെയൊക്കെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്ത സിങ്ങറാണ്. ഞങ്ങളൊക്കെ പ്ലസ് ടു പഠിക്കുന്ന സമയത്താണ് ആ ഒരു ബാച്ച് ഓഫ് സിങ്ങേഴ്സ് വരുന്നത്. ഗായത്രി ചേച്ചി, ജ്യോത്സ്‌നയൊക്കെ വരുന്നത്.
ജ്യോത്സ്‌നയുടെ പാട്ട് ആദ്യം കേട്ടത് സ്‌കൂള്‍ ബസില്‍ പോകുമ്പോഴാണെന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതുവരെ കേള്‍ക്കാത്ത വോയ്‌സായിരുന്നു. അന്ന് ഈ സോഷ്യല്‍ മീഡിയയൊന്നുമില്ലല്ലോ. സുഖമാണീ നിലാവും കറുപ്പിനഴകും നല്ല വ്യത്യാസമുള്ള പാട്ടുകളാണ്. പുതിയേതോ സിങ്ങറാണ്, എന്ത് രസമാണെന്നൊക്കെ ഞാന്‍ വിചാരിച്ചു. വല്യ ആളായിരിക്കുമെന്നാണ് മനസില്‍ വിചാരിക്കുന്നത്.
മാഗസിനുകളിലൊക്കെ വന്നപ്പോഴാണ് എന്റെ അതേ പ്രായമുള്ളൊരാളാണെന്ന് മനസിലായത്. അതൊരു പോസിറ്റീവ് ചിന്തയുണ്ടാക്കി. നമ്മുടെ പ്രായത്തിലുള്ളൊരാള്‍ക്ക് പുതിയതായി ഇങ്ങനെ പാടാന്‍ പറ്റുമെന്ന ചിന്തയുണ്ടായി. സിനിമയൊന്നും സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നു.
പിന്നെ ജ്യോത്സ്‌നയെ ഞാന്‍ കാണുന്നത് കോഴിക്കോടുള്ളൊരു ന്യൂയര്‍ പാര്‍ട്ടിയിലാണ്. ഈയൊരു ഇവന്റിന് ജ്യോത്സന ഒരു വൈറ്റ് ഡ്രസ്സിട്ടിട്ട് നല്ല ഭംഗിയില്‍ ഒരുങ്ങി ഓഡിയന്‍സിന്റെ ഇടയില്‍ നിന്നാണ് കയറിവന്നത്. അതെനിക്ക് ഭയങ്കര കാഴ്ചയാണ്. ഇപ്പോഴും എന്റെ മനസില്‍ നിന്ന് പോകില്ല. അത് ഭയങ്കരമായിട്ട് നമ്മളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
അതിന് ശേഷം പരിപാടിയില്‍ അവതാരികയായിരുന്നപ്പോഴും എല്ലാ കണ്ടസ്റ്റന്‍സിനോടും സുഹൃത്തിനെപ്പോലെയാണ് പെരുമാറിയത്. പിന്നെ നമ്മള്‍ ഒരുപാട് കാര്യങ്ങളൊക്കെ പറഞ്ഞ് നല്ല സുഹൃത്തുക്കളായി.
നമ്മളൊക്കെ സ്വപ്‌നം കാണുന്നതില്‍ ഭയങ്കരമായി ഇന്‍ഫ്‌ളൂവന്‍സ് ചെയ്ത സമപ്രായക്കാരിയാണ് ജ്യോത്സ്‌ന,’ സിത്താര പറഞ്ഞു.
വിധു പ്രതാപുമായിട്ടും നല്ല സുഹൃദ് ബന്ധമാണെന്ന് അവര്‍ പറഞ്ഞു. ഒരു പ്രശ്‌നം വന്നാല്‍ കൂടെയുണ്ടാകുന്ന സുഹൃത്തുക്കളാണിവരെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.
‘പ്രായം തോന്നില്ലെങ്കിലും വിധു ചേട്ടന്‍ ഞങ്ങളുടെ സീനിയറാണ്. വിധു ചേട്ടന്‍ പാടിയ കവിതകള്‍ കേട്ട് പഠിച്ച് പാടിയിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ ഒരുമിച്ച് ആങ്കര്‍ ചെയ്തിട്ടുണ്ട്. എപ്പോള്‍ കണ്ടാലും സന്തോഷം വാരിവിതറുന്ന ആളാണ് വിധുച്ചേട്ടന്‍. അതുകഴിഞ്ഞ് ദീപ്തിയെ പരിചയപ്പെട്ടു. നമുക്കൊരു പ്രശ്‌നം വന്നാല്‍ ഒരു കൈയുണ്ടാകുമെന്ന് തോന്നുന്ന സുഹൃത്തുക്കളാണ് ഇവരൊക്ക, സിത്താര പറഞ്ഞു.