യെച്ചൂരി തുടരും; കേന്ദ്രകമ്മിറ്റി അംഗങ്ങളെ ഇന്നറിയാം; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
national news
യെച്ചൂരി തുടരും; കേന്ദ്രകമ്മിറ്റി അംഗങ്ങളെ ഇന്നറിയാം; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2022, 7:45 am

കണ്ണൂര്‍: സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങളെ തീരുമാനിക്കും. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് ഞായറാഴ്ച സമാപിക്കും.

എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊല്ല, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പി.ബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.

സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. കേരളത്തില്‍ നിന്ന് പൊളിറ്റ് ബ്യൂറോയിലേക്ക് എ. വിജയരാഘവന്റെ പേരാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. സംഘടന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും

വിശാഖപട്ടണത്ത് വെച്ച് നടന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കുക എന്ന സുപ്രധാന ലക്ഷ്യമാവും യെച്ചൂരിക്ക് മുന്നില്‍ ഇപ്പോള്‍ ഉണ്ടാവുക.

മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് സി.പി.ഐ.എം തയ്യാറാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ബി.ജെ.പിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാര്‍ മാതൃകയില്‍ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതല്‍ സഖ്യങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയം നിലവില്‍ പാര്‍ട്ടി അജണ്ടയില്‍ ഇല്ലെന്ന് വ്യക്തമാക്കിയ യെച്ചൂരി കേവല രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സി.ബി.ഐയേയും ഇ.ഡിയേയും ബി.ജെ.പി ഉപയോഗിക്കുകയാണെന്നും പറഞ്ഞു.

ദല്‍ഹി സെന്റ് സ്റ്റീഫന്‍സിലും ജെ.എന്‍.യുവിലും പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയിലൂടെയാണ് യെച്ചൂരി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്.

അടിയന്തരാവസ്ഥക്കാലത്ത് സജീവമായി പോരാട്ടങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി അറസ്റ്റ് വരിച്ചു. 32ാം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും 40ാം വയസില്‍ പൊളിറ്റ് ബ്യൂറോയിലും അംഗമായി.

Content Highlight: Sitaram Yechury will continue as CPIM General Secretary