അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരയെ വിറപ്പിച്ച വിദ്യാര്‍ത്ഥി നേതാവ്; ഇന്ന് ഇടതുപക്ഷത്തിന്റെ ദേശീയമുഖം
natioanl news
അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരയെ വിറപ്പിച്ച വിദ്യാര്‍ത്ഥി നേതാവ്; ഇന്ന് ഇടതുപക്ഷത്തിന്റെ ദേശീയമുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2024, 6:26 pm

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ജെ.എന്‍.യുവിന്റെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പടിയിറക്കിയ അന്നത്തെ എസ്.എഫ്.ഐ നേതാവും ഇന്നത്തെ സി.പി.ഐ.എമ്മിന്റെ ദേശീയ മുഖവുമായിരുന്ന സീതാറാം യെച്ചൂരിക്ക് വിട. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ ശക്തമായി പോരടിച്ച വിദ്യാര്‍ത്ഥി സമൂഹമാണ് ജെ.എന്‍.യുവിലേത്. അന്നത്തെ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ത്ഥി നേതാക്കളാണ്.

യെച്ചൂരിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ ഉരുക്കുവനിതയ്ക്ക് മുട്ടുകുത്തേണ്ടി വന്നിരുന്നു. അടിയന്തിരാവസ്ഥക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.

2024ലും ജെ.എന്‍.യു ആ സമരമുഖത്തെ ഉപേക്ഷിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം ഉള്‍പ്പെടെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ ഇന്നും സമരമുഖത്ത് നിലനില്‍ക്കുന്നു. ഈ പോരാട്ടവീര്യത്തിന് ഊര്‍ജ്ജം നല്‍കിയതും വിത്തുപാകിയതും സീതാറാം യെച്ചൂരിയാണ്.

ഇന്ദിരക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് 1975ല്‍ സീതാറാം യെച്ചൂരി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന പഴയ ജെ.എന്‍.യു കോളേജ് യൂണിയന്‍ പ്രസിഡന്റ് സീതാറാം യെച്ചൂരിയുടെ ചിത്രം ഇന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ്.

സമരത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച വിദ്യര്‍ത്ഥി നേതാക്കളെ കാണാന്‍ ഔദ്യോഗിക വസതി വിട്ടിറങ്ങിയ ഇന്ദിരാ ഗാന്ധിയെ യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ സര്‍വകലാശാലയുടെ ഗേറ്റില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇന്ദിരയുടെ നിലപാടുകള്‍ക്കെതിരെ നിലകൊള്ളാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ ‘പ്രതിരോധം’ എന്ന തലക്കെട്ടോട് കൂടി തയാറാക്കിയ ലഘുലേഖ പ്രധാനമന്ത്രിയെ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. യെച്ചൂരി നടത്തിയ ഈ പ്രതിരോധമാണ് ഇടത് സംഘടനകളെ ഇന്നും ഊര്‍ജ്ജം കൊള്ളിക്കുന്ന ആ ചിത്രത്തിന്റെ ഉള്ളടക്കം.

സീതാരാമ റാവു എന്നതില്‍ നിന്ന് സീതാറാം യെച്ചൂരിയിലേക്ക് മാറുമ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് മതേതര രാഷ്ട്രീയത്തിന്റെ കമ്മ്യൂണിസ്റ്റ് ഭാവിയെ തന്നെയാണ്. എഴുപതുകളുടെ അവസാനത്തോടെ തെലങ്കാന പ്രക്ഷോഭത്തിലൂടെ സമരരംഗത്തെത്തിയ സീതാറാം യെച്ചൂരി, ജമ്മു കശ്മീരിനും വേണ്ടിയും ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളും ദളിതര്‍ക്കും തൊഴിലാളികള്‍ക്കുമായി പോരാടി.

തന്നോടൊപ്പം സഞ്ചരിച്ചവരുടെ വേർപാടിലും അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറന്നില്ല. ഈ നിലപാട് പുതിയ തലമുറയിലും പോലും സ്വാധീനം ചെലുത്തി. കമ്യൂണിസത്തില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിക്കാതിരുന്ന യെച്ചൂരി ഇന്ത്യയുടെ ഇടനെഞ്ചില്‍ തന്നെയായിരുന്നു.

ഇന്ദിരയില്‍ നിന്ന് തുടങ്ങിയ യെച്ചൂരിയുടെ പ്രതിരോധം ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ എത്തിനിൽക്കുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരെ അദ്ദേഹം ശക്തമായ ഒരു പ്രതിരോധം തന്നെ തീര്‍ത്തു. ചിരിച്ച മുഖത്തോടെ എങ്ങനെയാണോ ജെ.എന്‍.യുവില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയത് അതേ കരുത്തില്‍ മോദി ഭരണകൂടത്തിനെതിരെയും സീതാറാം യെച്ചൂരി നിലകൊണ്ടു.

75ല്‍ ശ്രദ്ധേയമായ ചിത്രത്തിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന യെച്ചൂരിയുടെ ചിത്രവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്.

1974ല്‍ എസ്.എഫ്.ഐയില്‍ നിന്നാണ് സീതാറാം യെച്ചൂരി തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1984ല്‍ അദ്ദേഹത്തിന്റെ 32ാം വയസിലാണ് യെച്ചൂരി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗമാകുന്നത്. 1992ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമാകുകയും ചെയ്തു. 32 വര്‍ഷമാണ് അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗമായി സി.പി.ഐ.എമ്മിനെ നയിച്ചത്.

തുടര്‍ന്ന് 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കുകയും ചെയ്തു. ഒമ്പത് വര്‍ഷം ദേശീയ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സി.പി.ഐ.എമ്മിനെ നയിച്ചു.

പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായും സീതാറാം യെച്ചൂരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായിരുന്നു അദ്ദേഹം.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് സീതാറാം യെച്ചൂരി ഇന്ത്യന്‍ സമൂഹത്തോട് വിടപറഞ്ഞത്.പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം എയിംസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പഠനത്തിനായി നല്‍കും.

കഴിഞ്ഞ മാസം 19ന് ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു മരണം.

Content Highlight: Sitaram Yechury who shook Indira Gandhi in emergeny period and defended Modi in 2024