| Saturday, 17th October 2020, 10:45 am

64ലെ പിളര്‍പ്പ് അനിവാര്യം, ഇല്ലെങ്കില്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന് സംഭവിച്ചത് ഇവിടെയും സംഭവിക്കുമായിരുന്നു: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് കൊണ്ടാണ് പാര്‍ട്ടി പ്രസക്തവും സജീവവുമായി നിലനില്‍ക്കുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി പിളര്‍പ്പ് തെറ്റല്ല, അന്നത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐ.എം രൂപീകരിച്ചില്ലായിരുന്നെങ്കില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ചതരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘സി.പി.ഐ.എം രൂപീകരിച്ചില്ലെങ്കില്‍, അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ചതരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവര്‍ഗ പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകള്‍ക്ക് അതു പറ്റില്ല. പിളര്‍പ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുകയെന്നതാണ് ഇപ്പോള്‍ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം,’ യെച്ചൂരി പറഞ്ഞു.

ഇന്ത്യയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന മുദ്രാവാക്യങ്ങള്‍ മാര്‍ക്‌സിസം, ലെനിനിസം, നെഹ്‌റുവിസം എന്നിവയായിരുന്നെന്നും അത് പക്ഷെ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്തൊനീഷ്യയിലും ഈജിപ്തിലും സുഡാനിലുമൊക്കെ ഒരു കാലത്ത് വളരെ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. മാര്‍ക്‌സിസം, ലെനിനിസം, നാസറിസം, സുകാര്‍ണോയിസം എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ ഏറെ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലുണ്ടായിരുന്നത് യഥാര്‍ഥത്തില്‍ മാര്‍ക്‌സിസം, ലെനിനിസം, നെഹ്‌റുവിസം ഒക്കെ ആയിരുന്നു. എന്നാല്‍, ഭരണവര്‍ഗവുമായി കൈകോര്‍ത്തതോടെ അത്തരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍തന്നെ തകര്‍ന്നു,’ അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അവ ഇപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ ചര്‍ച്ചയിലേക്കു കൊണ്ടുവരുന്നത് ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍നിന്നു ശ്രദ്ധ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വെല്ലുവിളികളെ നേരിടാന്‍ കമ്യൂണിസ്റ്റ് ശക്തികള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം വേണം. അത്തരമൊരു ഐക്യം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബീഹാറില്‍ 3 ഇടതു പാര്‍ട്ടികള്‍ ഒരുമിച്ചു വരുന്നത് വളരെ അനുകൂലമായ സംഗതിയാണ്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നതകള്‍ ഇപ്പോള്‍ വളരെ കുറഞ്ഞിട്ടുണ്ട്. പോഷകസംഘടനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു, കേരളത്തില്‍ ഭരണം പങ്കിടുന്നു. തൊഴിലാളി, കര്‍ഷക സമരങ്ങളില്‍ ഇടത് ഐക്യമുണ്ട്. അത് ഐക്യത്തിന്റെ ഒരു വശം മാത്രം. മേശയുടെ ഇരുവശവുമിരുന്ന് കൈകൊടുത്തിട്ട് ഐക്യമെന്നു പറയാം. പക്ഷേ, അത് സുസ്ഥിരമാവില്ല. ഐക്യം താഴേത്തട്ടിലെ പ്രവര്‍ത്തകരിലേക്കുമെത്തണം. താഴേത്തട്ടില്‍ നിന്നുതന്നെ ഐക്യം വളര്‍ത്തുന്നതാണ് നല്ലത്. ലയനം അജണ്ടയിലില്ല. പ്രവര്‍ത്തനങ്ങളില്‍ ഐക്യമുണ്ട്. അതു തെരഞ്ഞെടുപ്പില്‍ മാത്രമല്ല, സമരങ്ങളിലുമുണ്ട്. അതു പ്രധാനവുമാണ്,’ അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.ഐക്കും സി.പി.ഐ.എമ്മിനുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എം.എന്‍ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി. അന്ന് രൂപീകരണയോഗത്തില്‍ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ.എമ്മുകാര്‍ കണക്കാക്കുന്നത്.

1925ല്‍ ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വെച്ച് രൂപീകരിച്ചതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ കണക്കാക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sitaram Yechury speaks about the 1964 split in Communist Party of India

We use cookies to give you the best possible experience. Learn more