| Monday, 14th May 2018, 8:25 pm

ഇടത് ഭരണത്തില്‍ ആക്രമണമുണ്ടായിരുന്നെങ്കില്‍ മമത ഒരിക്കലും മുഖ്യമന്ത്രിയാവില്ലായിരുന്നു: തൃണമൂല്‍ അക്രമത്തില്‍ വിമര്‍ശനവുമായി യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എം ഭരണകാലത്തും അക്രമങ്ങളുണ്ടായിരുന്നെന്ന തൃണമൂല്‍ ആരോപണത്തെ യെച്ചൂരി തള്ളി. അങ്ങനെയുണ്ടായിരുന്നെങ്കില്‍ മമത ഒരിക്കലും മുഖ്യമന്ത്രിയാവില്ലായിരുന്നെന്നും യെച്ചൂരി പറഞ്ഞു.

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആക്രമണങ്ങളുടെ ചരിത്രമുണ്ടെന്നും ഇടത് ഭരണത്തെ അപേക്ഷിച്ച് അക്രമങ്ങള്‍ കുറഞ്ഞിരിക്കുകയാണെന്നും തൃണമൂല്‍ നേതാവായ ദരെക് ഒബ്രിയിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യെച്ചൂരിയുടെ പ്രതികരണം.


Read| നിങ്ങള്‍ കള്ളം പറയരുത് മിനിസ്റ്റര്‍… അലിഗഢില്‍ ജാട്ട് രാജാവിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്; അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപിന്റെ ചിത്രം ഇല്ലെന്ന ബി.ജെ.പി മന്ത്രിയുടെ വാദം കള്ളം


“ഇതുതന്നെ അവര്‍ കുറ്റവാളികളാണെന്ന് കാണിക്കുന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ കാണിക്കുന്നുണ്ട്. ഇടത് ഭരണത്തില്‍ ഇതായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍, തൃണമൂല്‍ സര്‍ക്കാര്‍ ഒരിക്കലുമിവിടെ ജയിക്കുകയില്ലായിരുന്നു. മമത ഒരിക്കലും ബംഗാളിന്റെ മുഖ്യമന്ത്രിയാവുകയുമില്ലായിരുന്നു.” – യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളെ “ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണം” എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. ഇതിനെതിരെ ജനങ്ങളുടെ പങ്കാളിത്തത്തോടെ പോരാടുമെന്നും അത് ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ആദ്യം അവര്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം നല്‍കാന്‍ അനുവദിച്ചില്ല. പിന്നീട് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചപ്പോള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. തയ്യാറാവാത്തവരെ ആക്രമിച്ചു. ഇത് ജനാധിപത്യ നടപടികളുടെ നാശമാണ്. ഞങ്ങള്‍ പ്രസിഡന്റ് ഭരണത്തെ പിന്തുണക്കുന്നില്ല. സി.പി.ഐ.എം ഇതിന് ജനാധിപത്യപരമായി മറുപടി നല്‍കും. ജനാധിപത്യപരമായ പ്രതിരോധം തുടങ്ങിക്കഴിഞ്ഞു.” – യെച്ചൂരി പറഞ്ഞു.

We use cookies to give you the best possible experience. Learn more