| Monday, 24th October 2022, 3:08 pm

ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ രം​ഗത്തെ നിയന്ത്രിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജിക്കുള്ള കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. ​ഗവർണർക്ക് വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള അധികാരമില്ല.

ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ രം​ഗത്തെ നിയന്ത്രിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

“​ഗവർണറിന് ആർ.എസ്.എസ് പ്രവർത്തകരെ നിയമിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണിതൊക്കെ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഉന്നത വിദ്യഭ്യാസ സമ്പ്രദായത്തിൽ ഹിന്ദുത്യ ആശയങ്ങൾ എളുപ്പത്തിൽ പ്രചരിപ്പിക്കാൻ സാധിക്കും. കോടതിയിൽ ​ഗവർണറുടെ ആവശ്യം എന്തായാലും വെല്ലുവിളിക്കപ്പെടും.

കാരണം ഭരണഘടനപരമായി ​ഗവർണർക്ക് അത്തരമൊരു അധികാരമില്ല. ഇത് ഏകപക്ഷീയവും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നിയന്ത്രിക്കാനും നശിപ്പിക്കാനുമുള്ള ശ്രമമാണിത്,” യെച്ചൂരി പറയുന്നു.

അതേസമയം ​ഗവർണറുടെ നടപടിക്കെതിരെ വി.സിമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തിൽ തിങ്കളാഴ്ച നാലു മണിക്ക് പ്രത്യേക ബെഞ്ച് ഹരജി പരി​ഗണിക്കും​. ഗവർണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാർക്കിടാൻ ഗവർണർ വരേണ്ടെന്നും പെട്ടെന്നൊരു ദിവസം വന്ന് വി.സിമാരോട് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാൽ ആത്മാഭിമാനമുള്ളവർക്ക് അത് പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

”നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് നിയമിച്ച വൈസ് ചാൻസലർമാർ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെക്കണമെന്ന് കൽപിക്കാൻ ആർക്കും അധികാരമില്ല.

സർക്കാർ സർവീസിലെ സാധാരണ ജിവനക്കാരെ പോലും നോട്ടീസ് കൊടുക്കാതെ, വിശദീകരണം കേൾക്കാതെ പിരിച്ചുവിടാൻ കഴിയില്ല. കേരളത്തിന്റെ ഭരണകാര്യങ്ങളിൽ ചാൻസലർക്ക് ഇടപെടാൻ പറ്റില്ല.

ഒരു വി.സിമാരും രാജി വെക്കേണ്ടതില്ല. പെട്ടെന്നൊരു ദിവസം വന്ന് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാൽ അത് പറ്റില്ല. ആത്മാഭിമാനമുള്ള ആരും അത് ചെയ്യില്ല,” മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ തൽക്കാലം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: Sitaram yechury slams kerala governor arif muhammed khan says he is trying to promote hindutva ideologies by appointing RSS persons in the VC post

We use cookies to give you the best possible experience. Learn more