കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പുതിയകാലത്തെ ദുര്യോധനനും ദുശ്ശാസനനുമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മഹാഭാരതത്തിലെ 100 കൗരവന്മാരില്‍ ആളുകള്‍ ഓര്‍ക്കുന്നത് ദുര്യോധനനെയും ദുശ്ശാസനനെയും ആണെന്നും അതുപോലെ സമകാലീന രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് ബി.ജെ.പിയിലെ രണ്ട് അംഗങ്ങളെ മാത്രമെ അറിയൂ, അത് മോദിയും അമിത്ഷായുമാണെന്ന് സീതാറാം യെച്ചൂരി പരിഹസിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും യെച്ചൂരി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും എന്ന് യെച്ചൂരി കുറ്റപ്പെടുത്തി. നാരദാ,ശാരദാ കേസുകളിലെ പ്രതികള്‍ എങ്ങനെയാണ് ദല്‍ഹിയില്‍ സുരക്ഷിതരായി കഴിയുന്നതെന്നും യെച്ചൂരി ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശും മഹരാഷ്ട്രയും കഴിഞ്ഞാല്‍ 42 സീറ്റുകളുള്ള പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണ്ണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലായിരുന്നു പശ്ചിമ ബംഗാലില്‍ തെരഞ്ഞെടുപ്പ്.