നിങ്ങള്‍ എന്താണ് ഒളിക്കുന്നത്, രാജ്യത്തിന്റെ പണം എന്താണ് ചെയ്യുന്നത്?; പി.എം കെയര്‍ ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യുന്നത് തടഞ്ഞ ബി.ജെ.പിയോട് യെച്ചൂരി
national news
നിങ്ങള്‍ എന്താണ് ഒളിക്കുന്നത്, രാജ്യത്തിന്റെ പണം എന്താണ് ചെയ്യുന്നത്?; പി.എം കെയര്‍ ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യുന്നത് തടഞ്ഞ ബി.ജെ.പിയോട് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 5:36 pm

ന്യൂദല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യത്തെ നിരാകരിച്ച ബി.ജെ.പിയ്‌ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരും പ്രധാനമന്ത്രിയും എന്താണ് ഒളിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു.

‘ ആദ്യം സി.എ.ഡി ഓഡിറ്റ് തടഞ്ഞു, പിന്നെ വിവരാവകാശം തടഞ്ഞു. ഇപ്പോള്‍ ഇതും. രാജ്യത്തിന്റെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നറിയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. ഇലക്ട്രല്‍ ബോണ്ട്, നോട്ടുനിരോധന അഴിമതി ഇപ്പോള്‍ ഇതും’, യെച്ചൂരി ട്വീറ്റ് ചെയ്തു.


വെള്ളിയാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിലാണ് പി.എം. കെയേഴ്സ് ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ബി.ജെ.പി അംഗങ്ങള്‍ നിരാകരിച്ചത്.

കൊവിഡ് 19, പി.എം. കെയേഴ്സ് ഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കാനും വിഷയത്തില്‍ സമവായത്തിലെത്താനും കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരി അംഗങ്ങളോട് അഭ്യര്‍ഥിച്ചു.

എന്നാല്‍, ബി.ജെ.പി. അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി സി.എ.ജി ഓഡിറ്റ് ചെയ്യാത്ത സാഹചര്യത്തില്‍ പി.എം. കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി. മറ്റു ബി.ജെ.പി. എം.പിമാരും അദ്ദേഹത്തെ പിന്തുണച്ചു.

ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ബി.ജെ.പി നിലപാടെടുത്തു. സി.എ.ജി ഓഡിറ്റ് ചെയ്ത സര്‍ക്കാര്‍ ധനവിനിയോഗം സംബന്ധിച്ച വിഷയങ്ങള്‍ മാത്രമാണ് കമ്മിറ്റി പരിശോധിക്കേണ്ടതെന്ന് ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി.

കൊവിഡ് 19 സംബന്ധമായ ചര്‍ച്ചകള്‍ക്ക് ബി.ജെ.പി. തയ്യാറാകാത്തത് പി.എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് സംസാരിക്കേണ്ടിവരും എന്ന ഭയമൂലമാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഇരുപത് അംഗങ്ങളുള്ള പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ 12 ബി.ജെ.പി. അംഗങ്ങളും ബാക്കി പ്രതിപക്ഷാംഗങ്ങളുമാണുള്ളത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി., കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നെങ്കിലും കൊവിഡ് 19 സംബന്ധിച്ച സാഹചര്യം ചര്‍ച്ചചെയ്യാനും പി.എ.സി യോഗം തയ്യാറായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ