ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഏതന്വേഷണവും നേരിടാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഉന്നതതല അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നാണ് പാര്‍ട്ടിയും ആവശ്യപ്പെടുന്നതെന്ന് യെച്ചൂരി പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള യു.ഡി.എഫ് നീക്കം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.[]
അതിനിടെ, ടി.പി വധക്കേസ് സി.ബി.ഐയ്ക്ക് വിടുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇത് സംബന്ധിച്ച് സി.ബി.ഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ടി.പിയുടെ കുടുംബാംഗങ്ങള്‍ രേഖാമൂലം പരാതി നല്‍കിയാല്‍ കേസ് സി.ബി.ഐയ്ക്ക് വിടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കിയിരുന്നു. ഇതനുസരിച്ച് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
അതിനിടെ ടി.പിയെ വധിക്കാന്‍ 2009 ല്‍ കൊലയാളികള്‍ പിന്തുടര്‍ന്ന വാഹനം പോലീസ് കണ്ടെടുത്തു. പലരുടെ കൈമറിഞ്ഞുപോയ വാഹനം ഇപ്പോഴത്തെ ഉടമ പോലീസില്‍ ഹാജരാക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സന്തോഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുക്കാഞ്ഞതിനാല്‍ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് കഴിഞ്ഞ ദിവസം പോലീസ് നീട്ടിവെച്ചിരുന്നു.
2009 ആഗസ്റ്റില്‍ ഗൂഡാലോചനയും തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഒരു ഡസനോളം പ്രാവശ്യം വധശ്രമവും നടന്നുവെന്നാണ് കേസ്. ചോമ്പാല പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.