ന്യൂദല്‍ഹി: ജി20 ഉച്ചകോടി ദല്‍ഹിയില്‍ നാളെ ആരംഭിക്കാനിരിക്കെ ആഗോള റാങ്കിങ്ങളില്‍ പിന്നോട്ട് പോയ ഇന്ത്യയുടെ മാധ്യമ സ്വതന്ത്ര്യ സ്ഥാനം പങ്കുവെച്ച് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ മെയില്‍ പുറത്ത് വന്ന ആര്‍.എസ്.എഫ് റിപ്പോര്‍ട്ടാണ് സാമൂഹിക മാധ്യമമായ എക്‌സില്‍ യെച്ചൂരി വീണ്ടും പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 11 സ്ഥാനം പിന്നോട്ട് പോയി 161ലാണ് ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം.
ജി20 ഉച്ചകോടിക്ക് മുന്നോടിയായി മോദി നടത്തുന്ന പ്രൊപ്പഗണ്ടക്കും അവകാശവാദങ്ങള്‍ക്കുമിടയില്‍ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം ഇടിയുകയാണെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്.
‘ജി20 ഉച്ചകോടിക്ക് മുന്നോടിയായി മോദി നടത്തുന്ന പ്രൊപ്പഗണ്ടക്കും അവകാശവാദങ്ങള്‍ക്കുമിടയിലാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്ന ആഗോള റാങ്കിങ് വിവരങ്ങള്‍ പുറത്ത് വന്നത്.
ആര്‍.എസ്.എഫ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 11 റാങ്ക് പിന്നോട്ട് പോയിരിക്കുകയാണ്. 180ല്‍ 161ാം സ്ഥാനത്താണ് ഇപ്പോള്‍ നമ്മുടെ സ്ഥാനം,’ യെച്ചൂരി കുറിച്ചു.
സ്ഥാനം ഇടിഞ്ഞതിന് പുറമേ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആര്‍.എസ്.എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടംപിടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍, രാഷ്ട്രീയപരമായി പക്ഷംപിടിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥത കേന്ദ്രീകരണം തുടങ്ങിയവയാണ് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാന്‍ കാരണമായി ആര്‍.എസ്.എഫ് ചൂണ്ടിക്കാട്ടിയത്.
അതേസമയം 2047ന് അകം ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് ജി20 ഉച്ചകോടിക്ക് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവയില്‍ ലോകത്ത് ഒന്നാമതാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Content Highlight: Sitaram Yechury shared India’s position of media freedom as the G20 summit is scheduled to begin tomorrow in Delhi