അഗര്‍ത്തല: ത്രിപുരയില്‍ പണം നല്‍കിയും ആക്രമണത്തിലൂടെയും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമത്തിലാണ് ത്രിപുരയിലെ ഭരണകക്ഷിയായ ബി.ജെ.പിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി.ജെ.പിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പൊലീസിനെയും മറ്റ് അധികാരങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അഗര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
‘പോളിങ്ങിന് മൂന്ന് ദിവസം മുമ്പ് ബി.ജെ.പി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ഒരു വോട്ടര്‍ വീട്ടില്‍ നിന്ന് പോളിങ് സ്റ്റേഷനുകളില്‍ എത്തുന്നതുവരെ സംരക്ഷണമൊരുക്കേണ്ടതുണ്ട്,’ യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ത്രിപുര തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാന്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും ത്രിപുരയില്‍ ഒരേ ചേരിയിലാക്കിയത് ഇ.ഡിയാണെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പറഞ്ഞതോടെ ഇ.ഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കയാണ്.
കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോര്‍പറേറ്റുകള്‍ക്ക് എല്ലാം തളികയില്‍വച്ച് നല്‍കുന്നു. എട്ട് വിമാനത്താവളങ്ങളാണ് അദാനിക്ക് കൈമാറിയത്. രാജ്യത്തെ സിമന്റ് ഫാക്ടറികളും പ്രതിരോധ ഫാക്ടറിയുമെല്ലാം അദാനിക്ക് നല്‍കി,’ യെച്ചൂരി പറഞ്ഞു.
അതേസമയം, ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയില്‍ 43 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുക. 13 സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.
Content Highlight: Sitaram Yechury says that BJP is plotting to sabotage the elections in Tripura