| Friday, 16th June 2023, 9:59 pm

വെറുപ്പിന്റെ വിതരണക്കാരാണ് രാജ്യം ഭരിക്കുന്നത്; 2024ലെ തെരഞ്ഞെടുപ്പ് മതനിരപേക്ഷത സംരക്ഷിക്കാനുള്ള അവസരമായി കാണണം: യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസരമായി കാണണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി
സീതാറാം യെച്ചൂരി. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്നേഹികളും ഒരുമിക്കണമെന്നും അദ്ദേഹം അദ്ദേഹം പ്രസ്താവനയിലൂടെ
ആവശ്യപ്പെട്ടു.

ഭരണഘടനയെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നും അവരെ ഭരണഘടന മുന്നില്‍നിര്‍ത്തി തന്ന നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

‘മതനിരപേക്ഷതയുടെ പൊന്‍പുലരിയാണ് വേണ്ടത്. ലോകത്തില്‍തന്നെ മതനിരപേക്ഷതയുടെ മാതൃകയാണ് കേരളം. രാജ്യത്ത് മതനിരപേക്ഷത ഇന്ന് അപകടകരമായ വെല്ലുവിളി നേരിടുകയാണ്. ഭരണഘടനയെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമം. രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തില്‍നിന്ന് മായ്ച്ച് പകരം ഗോള്‍വാള്‍ക്കറെയും ഗോഡ്സേയേയും പ്രതിഷ്ഠിക്കാനാണ് നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാന്‍ ശ്രമിക്കുന്നു.

അയോധ്യവിധി വന്നപ്പോള്‍ നീതി നടപ്പാക്കപ്പെട്ടില്ല എന്നുപറഞ്ഞത് സി.പി.ഐ.എമ്മും ഇടതുപക്ഷവും മാത്രമാണ്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ആരെങ്കിലും വിമര്‍ശിച്ചാല്‍ അതിനെ അടിച്ചമര്‍ത്താന്‍ ഇ.ഡി, എന്‍.ഐ.എ തുടങ്ങിയവയെ വിടുകയാണ്. വെറുപ്പിന്റെ വിതരണക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒരുഭാഗത്ത് ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ വിദ്യാലയത്തില്‍നിന്ന് പുറത്താക്കുന്നു.

മറുഭാഗത്താകട്ടെ പാര്‍ലമെന്റ് ഉദ്ഘാടനവേദിയില്‍പോലും കാവിവസ്ത്രധാരികളെ നിറച്ചു. ‘നിങ്ങള്‍ ബി.ജെ.പിക്കെതിരെ ചെയ്യുന്ന വോട്ട് ടിപ്പുസുല്‍ത്താനുപോകും എന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചത്. പൂര്‍ണമായും മുസ്‌ലിം വിരുദ്ധമാണ് സംഘപരിവാര്‍.

ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങള്‍ക്ക് സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നില്‍നിര്‍ത്തി നേരിടണം,’ യെച്ചൂരി പറഞ്ഞു.

Content Highlight: Sitaram Yechury Says should see the 2024 Lok Sabha elections as an opportunity to protect the country’s secularism

We use cookies to give you the best possible experience. Learn more