കർണാടകയിലെ ജെ.ഡി.എസ്-ബി.ജെ.പി സഖ്യം; പിണറായി വിജയനെ കുറിച്ചുള്ള ദേവഗൗഡയുടെ പരാമർശം അസംബന്ധം: യെച്ചൂരി
Kerala News
കർണാടകയിലെ ജെ.ഡി.എസ്-ബി.ജെ.പി സഖ്യം; പിണറായി വിജയനെ കുറിച്ചുള്ള ദേവഗൗഡയുടെ പരാമർശം അസംബന്ധം: യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 3:39 pm

തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമാണെന്ന് സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരി.

സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ഓരോ പാർട്ടിക്കും സ്വാതന്ത്ര്യം ഉള്ളപ്പോൾ എന്തിനാണ് മറ്റൊരാളുടെ പിന്തുണയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങൾ പിന്തുണച്ച പ്രധാനമന്ത്രി എന്ന നിലയിൽ ദേവഗൗഡയോട് ബഹുമാനമുണ്ട്. എന്നാൽ ഇപ്പോൾ ജെ.ഡി.എസിൽ നടക്കുന്നതിന്റെ മുഴുവൻ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലാണെന്ന് തോന്നുന്നില്ല.

ജെ.ഡി.എസ് കർണാടകയുടെ സംസ്ഥാന അധ്യക്ഷനായ സി.എം. ഇബ്രാഹീമിനെ അദ്ദേഹം സ്ഥാനത്ത് നിന്ന് മാറ്റി. എന്നിട്ട് കുമാരസ്വാമിയെ തലസ്ഥാനത്ത് നിയമിച്ചു. ബി.ജെ.പിയുമായി അടുക്കാനുള്ള അവരുടെ ധാരണയുടെ പ്രതിഫലനമാണ് ഇതെല്ലാം.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ജെ.ഡി.എസിന് സഖാവ് പിണറായി വിജയൻ സമ്മതം നൽകി എന്ന് പറയുന്നത് അസംബന്ധമാണ്. അദ്ദേഹം അതിന് സമ്മതിക്കേണ്ട ആവശ്യം പോലുമില്ല. സ്വന്തം തീരുമാനങ്ങളെടുക്കാൻ ഓരോ പാർട്ടിക്കും സ്വാതന്ത്ര്യമുണ്ട്.
അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹം പറഞ്ഞത് തെറ്റാണ്.

ബി.ജെ.പിയോടുള്ള ഞങ്ങളുടെ മനോഭാവവും നിലപാടും എന്താണെന്ന് എല്ലാവർക്കും അറിയുന്നതാണ്,’ യെച്ചൂരി പറഞ്ഞു.

ബി.ജെ.പിക്കൊപ്പം പോകുന്നില്ലെന്ന് കേരള ജെ.ഡി.എസ് തീരുമാനിച്ചതുകൊണ്ടാണ് അവർ ഇപ്പോഴും എൽ.ഡി.എഫിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ ജെ.ഡി.എസ് യൂണിറ്റ് സംസ്ഥാന യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചത് ദേവഗൗഡക്കും ജെ.ഡി.എസിനുമൊപ്പം പോകേണ്ട എന്നാണ്. അതുകൊണ്ട് അവർ പിരിഞ്ഞു.

ബി.ജെ.പിയിൽ നിന്ന് വേർപെട്ടത് കൊണ്ടാണ് അവരിപ്പോൾ ഇവിടെ എൽ.ഡി.എഫിനൊപ്പമുള്ളത്. അല്ലാതെ എന്തെങ്കിലും ധാരണ ഉള്ളത് കൊണ്ടല്ല. ഞങ്ങൾ എപ്പോൾ സംസാരിക്കുമ്പോഴും എന്നോട് ദേവഗൗഡ പറഞ്ഞിരുന്നത് പാർട്ടിയുടെ പേരിൽ പോലും ‘സെക്കുലർ’ ഉള്ള ഏക പാർട്ടി ഞങ്ങളാണ്, പിന്നെ എങ്ങനെ ബി.ജെ.പിക്കൊപ്പം പോകും എന്നായിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ പോയി.

അപ്പോൾ പിന്നെ എന്ത് പ്രതിബദ്ധതയാണ് മതേതരത്വത്തോട് അവർക്കുള്ളത്?’ അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് ബെംഗ്ലൂരുവിലുള്ള റിപ്പോർട്ടർമാരോട് ചോദിക്കാൻ പറയൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയോടൊപ്പം ചേർന്ന് മുമ്പും ജെ.ഡി.എസ് സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.

Content Highlight: Sitaram Yechury says Devagowda’s statement about Pinarayi Vijayan is ridiculous