| Tuesday, 12th October 2021, 10:09 am

ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സി.പി.ഐ.എമ്മിന്റെ ദൗത്യം: യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് സി.പി.ഐ.എമ്മിന്റെ മുഖ്യദൗത്യമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോ ചേര്‍ന്നത്.

സി.പി.ഐ.എമ്മിനെ സ്വതന്ത്രമായി ശക്തിപ്പെടുത്തുകയും സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇതിന് ഊന്നല്‍ നല്‍കിയാവും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയമടക്കമുള്ള റിപ്പോര്‍ട്ടുകള്‍.

നിലവിലെ അടവുനയത്തില്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമതീരുമാനമെടുക്കും.

കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയുണ്ടോയെന്ന ചോദ്യത്തിന് തമിഴ്‌നാട്, അസം തെരഞ്ഞെടുപ്പുകളില്‍ കണ്ടതല്ലേയെന്നായിരുന്നു മറുപടി. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യമനുസരിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കെതിരായ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കും.

ബി.ജെ.പി.ക്കെതിരേ രാജ്യത്ത് ഉയര്‍ന്നുവരേണ്ട ബദല്‍ മുന്നണിയെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഫെഡറല്‍ മുന്നണി, മൂന്നാം മുന്നണി എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Sitaram Yechury says CPI (M)’s main mission is to defeat BJP

Latest Stories

We use cookies to give you the best possible experience. Learn more