സി.പി.ഐ.എമ്മിന്റെ അതികായൻ, സീതാറാം യെച്ചൂരിയുടെ ഭൗതീക ശരീരം എയിംസിന്
national news
സി.പി.ഐ.എമ്മിന്റെ അതികായൻ, സീതാറാം യെച്ചൂരിയുടെ ഭൗതീക ശരീരം എയിംസിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2024, 6:00 pm

ന്യൂദൽഹി: അന്തരിച്ച സി.പി.ഐ.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും. സെപ്റ്റംബർ 14ന് ശനിയാഴ്ച ദൽഹി എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വച്ച ശേഷമാകും ഭൗതിക ശരീരം എയിംസിന് കൈമാറുക. അദ്ദേഹത്തിന്റെ ഭൗതീകശരീരം എംബാം ചെയ്യാന്‍ വേണ്ടി മാറ്റിയിട്ടുണ്ട്. നാളെ വൈകിട്ട് ആറുമണിവരെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും തുടർന്ന് നാളെ വൈകിട്ട് വസന്ത്കുഞ്ചിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം മറ്റന്നാൾ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്നു. സംസ്കാരം ശനിയാഴ്ച മൂന്ന് മണിക്ക് നടക്കും. കഴിഞ്ഞ മാസം 19ന് ശ്വാസതടസത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് മരണം.

2015 ഏപ്രിൽ മാസത്തിൽ സി.പി.ഐ.എമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച് നടന്ന സി.പി.ഐ.എമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു.

എതിര്‍പ്പുകള്‍ക്കിടയിലും ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായ സഖ്യം നിര്‍ണായകമെന്ന് ബോധ്യപ്പെടുത്തിയ സി.പി.ഐ.എം നേതാവ് കൂടിയാണ് യെച്ചൂരി. 2004ല്‍ യു.പി.എ സഖ്യത്തിന്റെ രൂപീകരണത്തിന് അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിനൊപ്പം മുന്‍കൈ എടുത്തതും യെച്ചൂരിയാണ്.

സി.പി.ഐ.എമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളനം നടക്കാനിരിക്കെയാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് സീതാറാം യെച്ചൂരിയുടെ പങ്കാളി. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവരാണ് മക്കള്‍.

 

Content Highlight: Sitaram Yechury’s physical body will be donated to AIIMS