ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സംഭവാന സ്വീകരിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്ടറല്‍ ബോണ്ട് വഴി പണം സ്വീകരിച്ചില്ലെന്നും എന്നാല്‍ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സി.പി.ഐ.എം ഇലക്ടറല്‍ ബോണ്ട് വാങ്ങിയന്നൊരോപിച്ച് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. വിവാദ കമ്പനികളായ മേഘാ എഞ്ചിനിയറിങ്, നവയുഗ എഞ്ചിനിയറിങ് തുടങ്ങിയ കമ്പനികളില്‍ നിന്ന് സി.പി.ഐ.എം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് ഷിബു ബേബി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിബു ബേബി ജോണിന്റെ ആരോപണം. പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച യെച്ചൂരി സുതാര്യമായാണ് സംഭാവന സ്വീകരിച്ചതെന്ന് പറഞ്ഞു. നിയമപരമെങ്കില്‍ സംഭാവന സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
‘നിയമപരമായാണ് സംഭാവന സ്വീകരിച്ചത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ പണം വാങ്ങിയിട്ടില്ല. വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്,’ യെച്ചൂരി പറഞ്ഞു.
മേഘാ എഞ്ചിനിയറിങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അന്വേഷണങ്ങള്‍ നേരിട്ട് വരികയാണ്. കമ്പനികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: sitaram yechury response in electoral bonds