| Thursday, 6th August 2020, 1:30 pm

ഭരണകൂടം ക്ഷേത്ര നിര്‍മാണം ഏറ്റെടുക്കുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്നത്: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജാ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തത് വഴി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുകയാണ് ദൂരദര്‍ശന്‍ ചെയ്തതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഗവര്‍ണറുടെയും യു.പി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ഭരണകൂടം ക്ഷേത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെ നിരാകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമി പൂജാ ചടങ്ങോടെ ബാബരി മസ്ജിദ് ധ്വംസനം സാധൂകരിക്കപ്പെടുകയാണ് ചെയ്തതെന്നും യെച്ചൂരി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തതിനെ നിയമലംഘനം എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.

ഈ ക്രിമിനല്‍ പ്രവര്‍ത്തി ചെയ്തവരെ ശിക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കെ അതിന് മുന്‍പ് ക്ഷേത്രനിര്‍മ്മാണം തുടങ്ങിയത് തെറ്റാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പക്ഷപാതപരവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ക്കായി ജനങ്ങളുടെ മതവികാരത്തെ നഗ്‌നമായി ചൂഷണം ചെയ്യുന്നതും ഇന്ത്യന്‍ ഭരണഘടനയുടെ ചൈതന്യത്തെ ധിക്കാരപരമായി ലംഘിക്കുന്നതുമാണ് ഭൂമി പൂജയെന്നും യെച്ചൂരി പറഞ്ഞു.

മതപരമായ ഒത്തുചേരലുകള്‍ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോളിന്റെ വ്യക്തമായ ലംഘനമാണ് ചടങ്ങെന്നും യെച്ചൂരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sitaram Yechury Ram Temple Narendra Modi Doordarshan

We use cookies to give you the best possible experience. Learn more