| Saturday, 6th April 2019, 12:41 pm

സോണിയാ ഗാന്ധി ഇടതിനെ ഐക്യത്തിന് ക്ഷണിക്കുന്നു, രാഹുല്‍ ഇടതിനെതിരെ മത്സരിക്കുന്നു; കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് സിതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാവുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി കൃത്യമായ ഇടവേളകളില്‍ ഇടതു പക്ഷം ഉള്‍പ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളേയും ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നതിലേയും, മറുവശത്ത് ഇടതുപക്ഷം മുഖ്യ എതിരാളികായിട്ടുള്ള വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലേയും വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു യെച്ചൂരി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ വഞ്ചിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.

Also Read ഇന്ത്യയെ ബാധിച്ച വൈറസ് ബി.ജെ.പി, ലീഗിനെതിരായ ബി.ജെ.പിയുടെ പ്രവണത ആപത്കരം; യോഗിക്കെതിരേ രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്നും, ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഓരോ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് മുഖ്യ ലക്ഷ്യം എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇടതിനെതിരെ മത്സരിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഈ വൈരുദ്ധ്യത്തിന് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, തമ്മില്‍ പോരടിക്കാനെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം കാണുവെന്ന മോദിയുടെ വാദം യെച്ചൂരി തള്ളി. 2004ലെ പൊതു തെരഞ്ഞെടുപ്പിലേതിനു സമാനമായ പ്രചരണ രീതിയാണ് ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. വാജ്പേയ്ക്കെതിരെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് ഒരു നേതാവു പോലും ഇല്ലെന്നായിരുന്നു 2004ലും ബി.ജെ.പി പ്രധാന പ്രചരണ ആയുധം. “ത്രിപുരയിലും, പശ്ചിമ ബംഗാളിലും, കേരളത്തിലും കോണ്‍ഗ്രസും ഇടതുപക്ഷവും മത്സരിക്കുന്നത് ചൂണ്ടിക്കാട്ടി, ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ഇന്ന് മോദിയും അതു തന്നെയാണ് പറയുന്നത്”- യെച്ചൂരി പറഞ്ഞു.

Also Read മോദി അധികാരത്തില്‍ വരുമ്പോള്‍ 15 ദിവസത്തേക്ക് മാത്രമുള്ള പടക്കോപ്പുകളെ ആര്‍മിയുടെ കൈവശം ഉണ്ടായിരുന്നുള്ളു: സെന്‍കുമാര്‍

“എന്നാല്‍ എന്തായിരുന്നു 2004ല്‍ സംഭവിച്ചത്. ജയിച്ച 61 സീറ്റുകളില്‍ 57 എണ്ണത്തിലും ഇടതു പക്ഷം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെയായിരുന്നു. തെരഞ്ഞടെുപ്പിന് ശേഷം ഞങ്ങള്‍ യു.പി.എയെ പിന്തുണച്ചു. ഇത് ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്”- യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും ഇടയില്‍ രണ്ടു വഴികളാണുള്ളതെന്ന് യെച്ചൂരി പറയുന്നു. “1996ലേതു പോലെ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയെ പിന്തുണക്കുക, അല്ലെങ്കില്‍ 2004ലേതു പോലെ കോണ്‍ഗ്രസിനെ പിന്തുണക്കുക. ആത്യന്തികമായി ഈ രണ്ടു മാര്‍ഗങ്ങളുടേയും ലക്ഷ്യം ബി.ജെ.പിയെയും മോദിയെയും തിരിച്ചു വരില്ല എന്നുറപ്പു വരുത്തലാണ്”- യെച്ചൂരി പറഞ്ഞു.

Image Credits: Hindustan Times

We use cookies to give you the best possible experience. Learn more