ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വൈറസിന്റെ വ്യാപനത്തെക്കുറിച്ച് കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
‘കൊറോണാ വൈറസിനെക്കുറിച്ചുള്ള കൃത്യമായ വിവരമാണ് ആദ്യം നമുക്കാവശ്യം. യഥാര്‍ത്ഥ ചോദ്യങ്ങളെ വഴിതിരിച്ചുവിടാനും തടസ്സപ്പെടുത്താനുമുള്ള ശ്രമം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതംകൊണ്ട് കളിക്കുന്നതിന് തുല്യമാണ്. ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാ വൈകുന്നേരവും ബ്രീഫിംഗിന് നടത്താന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്?’, യെച്ചൂരി ചോദിച്ചു.
‘രണ്ടാമതായി, വിപുലമായ പരിശോധന ആവശ്യമാണ്. പരിശോധയില്‍ ഇത്രത്തോളം നിബന്ധനകള്‍ കൊണ്ടുവരുന്നത് വൈറസിന്റെ വ്യാപിതിയെക്കുറിച്ച് വിലയിരുത്തല്‍ നടത്താനോ അല്ലെങ്കില്‍ വ്യാപനത്തെ ചെറുക്കുന്നതിനോ സഹായകരമാവില്ല,’ അദ്ദേഹം പറഞ്ഞു.
മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് സര്‍ക്കാര്‍ വരുത്തുന്ന സമയത്താമസം അവസാനിപ്പിക്കമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഇത്തരം കാലതാമസം വരുത്തുന്നതിനും ആളുകളുടെ ആരോഗ്യം വെച്ച് കളിക്കുന്നതിനും ആരാണ് ഉത്തരവാദികളെന്നും അദ്ദേഹം ചോദിച്ചു.