| Thursday, 12th September 2024, 3:55 pm

സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച മൂന്ന് മണിക്ക് നടക്കും.

കഴിഞ്ഞ മാസം 19ന് ശ്വാസതടസത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് മരണം.

സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12 നാണ് സീതാറാം യെച്ചൂരി ജനിച്ചത്. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ യെച്ചൂരി, ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

1974ല്‍ എസ്.എഫ്.ഐയില്‍ നിന്ന് തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ച യെച്ചൂരി പിന്നീട് സി.പി.ഐ.എമ്മിന്റെ ദേശീയ മുഖമായി മാറുകയായിരുന്നു. 1975ല്‍ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

1984ല്‍ അദ്ദേഹത്തിന്റെ 32ാം വയസിലാണ് യെച്ചൂരി സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അംഗമാകുന്നത്. 1992ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമാകുകയും ചെയ്തു. 32 വര്‍ഷമാണ് അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗമായി തുടര്‍ന്നത്.

തുടര്‍ന്ന് 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കുകയും ചെയ്തു. ഒമ്പത് വര്‍ഷമാണ് ദേശീയ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം സി.പി.ഐ.എമ്മിനെ നയിച്ചത്.

എതിര്‍പ്പുകള്‍ക്കിടയിലും ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായ സഖ്യം നിര്‍ണായകമെന്ന് ബോധ്യപ്പെടുത്തിയ സി.പി.ഐ.എം നേതാവ് കൂടിയാണ് യെച്ചൂരി. 2004ല്‍ യു.പി.എ സഖ്യത്തിന്റെ രൂപീകരണത്തിന് അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിനൊപ്പം മുന്‍കൈ എടുത്തതും യെച്ചൂരിയാണ്.

പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായും സീതാറാം യെച്ചൂരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് സീതാറാം യെച്ചൂരിയുടെ പങ്കാളി. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവരാണ് മക്കള്‍.

Content Highlight: Sitaram Yechury passed away

We use cookies to give you the best possible experience. Learn more