മുന്നാക്ക സംവരണം; 'വരുമാന പരിധി കൂടുതല്‍', കോടതി ശരിവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകുന്നതല്ല: യെച്ചൂരി
national news
മുന്നാക്ക സംവരണം; 'വരുമാന പരിധി കൂടുതല്‍', കോടതി ശരിവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകുന്നതല്ല: യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th November 2022, 8:49 pm

ന്യൂദല്‍ഹി: മുന്നാക്ക സംവരണത്തിന് സുപ്രീം കോടതി ശരിവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷം രൂപയാണ്. മുന്നാക്ക സംവരണത്തിന്റെ പരിധി എട്ട് ലക്ഷം രൂപയായി സ്വീകരിച്ചാല്‍ അര്‍ഹതയില്ലാത്തവര്‍ക്കും സംവരണം ലഭിക്കുമെന്ന് യെച്ചൂരി പറഞ്ഞു.

ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ഇനി ജാതി സെന്‍സസ് എന്ന ആവശ്യം ഉയരുമെന്നും യെച്ചൂരി പ്രതികരിച്ചു.

‘വരുമാന പരിധി എട്ട് ലക്ഷമാക്കിയത് വളരെ കൂടുതലാണ്. സാധാരണക്കാര്‍ക്ക് മൂന്നര ലക്ഷമാണ് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത്. എട്ട് ലക്ഷമായി പരിധി ഉയര്‍ത്തിയാല്‍ അര്‍ഹതയില്ലാത്തവര്‍ക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്.

സി.പി.ഐ.എം പാര്‍ലമെന്റില്‍ ഈ കാര്യങ്ങള്‍ എതിര്‍ത്തതാണ്. സംവരണത്തിനുളള അനുപാതങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ജാതി സെന്‍സസിന് വേണ്ടിയുളള ആവശ്യം ഉയരും’ യെച്ചൂരി പറഞ്ഞു.

എന്നാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുക എന്നത് ഇടതുപക്ഷത്തിന്റെ നിലപാടെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്. നിലവില്‍ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ഭേദഗതി അംഗീകരിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ സംവരണ വിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

Content Highlight: CPIM General Secretary Sitaram Yechury on Economic Reservation