| Monday, 15th April 2019, 6:42 pm

ബംഗാളിലെയും ത്രിപുരയിലെയും 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണം; വോട്ടെടുപ്പില്‍ നടന്നത് വന്‍ കൃത്രിമമെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും വന്‍ കൃത്രിമത്വം നടന്നെന്ന പരാതിയുമായി സി.പി.ഐ.എം. ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു സംസ്ഥാനങ്ങളിലും പോളിങ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗമാണെങ്കില്‍ മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇതിനെതിരെ നടപടി എടുക്കണം. ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ആദ്യഘട്ടങ്ങളില്‍ നടന്നതുപോലുള്ള കൃത്രിമം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തില്‍ തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കള്‍ കമ്മീഷനുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് റീ പോളിംഗ് ആവശ്യപ്പെട്ട് യെച്ചൂരിയും രംഗത്തെത്തുന്നത്.

30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചത് എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാതി. നിരവധി പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. 9.30 ആയിട്ടും പോളിങ് തുടങ്ങാത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ത്ത് വോട്ടിങ് തുടങ്ങിയിട്ടും മടങ്ങിപ്പോയ പലരും വോട്ടു ചെയ്യാന്‍ എത്തിയില്ല. അതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് ടി.ഡി.പി ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more