ഷോ അല്ല വേണ്ടത്, നടപടികളാണ്; കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ അടിയന്തരമായി ഇടപടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് യെച്ചൂരിയുടെ കത്ത്
COVID-19
ഷോ അല്ല വേണ്ടത്, നടപടികളാണ്; കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ അടിയന്തരമായി ഇടപടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് യെച്ചൂരിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 5:39 pm

ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ അടിയന്തരമായി ഇടപടണമെന്ന് അഭ്യര്‍ഥിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തയച്ചു. പ്രദര്‍ശനപരമായ പരിപാടികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

‘ഇതിനകം രണ്ട് ‘പ്രതീകാത്മക സംഭവങ്ങളി’ലൂടെ രാജ്യവും ജനങ്ങളും കടന്നുപോയി. കഴിഞ്ഞദിവസത്തെ ദീപം തെളിക്കല്‍ പരിപാടി പലരും പടക്കംപൊട്ടിച്ച് ആഘോഷമാക്കി. രാജ്യം വന്‍ദുരന്തം നേരിടുമ്പോഴാണിത്’, യെച്ചൂരി പറഞ്ഞു

വേണ്ടത്ര തയ്യാറെടുപ്പ് നടത്താതെയാണ് രാജ്യവ്യാപക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫലമായി ഉണ്ടായ ആശയക്കുഴപ്പവും അരാജകത്വവും കൊവിഡിന്റെ സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ക്ക് നൂറുകണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ച് അവരുടെ സ്വന്തം നാടുകളില്‍ എത്തേണ്ട സ്ഥിതിയായി. വിദേശങ്ങളില്‍നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തിനകത്തെ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകളോ ബസുകളോ ഏര്‍പ്പാട് ചെയ്യേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അല്ലാത്തപക്ഷം ഇവര്‍ക്കായി താല്‍ക്കാലിക താവളങ്ങള്‍ ഒരുക്കുകയും ആവശ്യമായ ഭക്ഷണം എത്തിക്കുകയും ചെയ്യണമായിരുന്നു.’, യെച്ചൂരി പറഞ്ഞു

സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രവും പ്രധാനമന്ത്രിയും വിശ്വാസത്തില്‍ എടുത്തില്ല. കുടിയേറ്റതൊഴിലാളികളുടെ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് പറയുന്നത് അനീതിയാണ്. കോടിക്കണക്കിനുപേര്‍ക്ക് ജീവിതമാര്‍ഗം നഷ്ടപ്പെട്ടു. ഇവരെ പട്ടിണിയിലേക്ക് തള്ളിവിടരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 7.5 ടണ്‍ കോടി ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യണം. പല രാജ്യങ്ങളിലും തൊഴിലുടമകള്‍ ശമ്പളയിനത്തില്‍ ചെലവിടുന്ന തുകയുടെ 80 ശതമാനം വരെ സര്‍ക്കാരുകള്‍ നഷ്ടപരിഹാരമായി നല്‍കുന്നു. ഇന്ത്യയും സമാനമായ നടപടി സ്വീകരിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിസമ്പന്നരായ കോര്‍പറേറ്റുകളുടെ 7.78 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സര്‍ക്കാര്‍ ഈ കാരുണ്യം കര്‍ഷകരോട് കാണിക്കുന്നില്ല. ചികിത്സ-സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണം. കൊവിഡ് പരിശോധനനിരക്ക് ഉയര്‍ത്തണം. പുതുതായി പ്രഖ്യാപിച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ സുതാര്യമല്ലെന്നും യെച്ചൂരി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിയാണ് ഫണ്ട് സമാഹരണവും ചെലവിടലും നടത്തേണ്ടത്. ഇതില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കണം. കൊവിഡിനെതിരായ പോരാട്ടത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലയില്‍ രാഷ്ട്രപതി ഇടപെടണമെന്നും യെച്ചൂരി പറഞ്ഞു.

WATCH THIS VIDEO: