തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും പിന്തുണയര്‍പ്പിച്ചും വിദ്വേഷ പ്രചാരണത്തിനെതിരേയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി.
ട്വിറ്ററില്‍ ഇരുവരുടേയും ഡാന്‍സ് വീഡിയോ പങ്കുവെച്ചായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
The mindset that promotes hate and division cannot stomach comradeship and joy that these young students reflect so naturally.
The hate brigade only knows how to spew venom.
But they will not succeed.https://t.co/idg68LYsXC
വിദ്വേഷത്തെയും വിഭജനത്തെയും പ്രോത്സാഹിപ്പിക്കുന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് ഇതൊന്നും ദഹിക്കില്ലെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് എങ്ങനെ വിഷം തുപ്പാമെന്ന് മാത്രമെ അറിയൂവെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ അവര്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്വേഷ പ്രചരണത്തിനിടെ വീണ്ടും വീഡിയോയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പുതിയ വീഡിയോയില്‍ നവീനും ജാനകിയുമുള്‍പ്പെടെ പന്ത്രണ്ട് പേരാണ് ചുവടുകള്‍ വെക്കുന്നത്. ‘റാ റാ റാസ്പുടിന്‍’ പാട്ടുമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കോളേജ് യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ‘ വെറുക്കാനാണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ തന്നെയാണ് തീരുമാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നൃത്തം ചെയ്തവരുടെ പേര് വിവരങ്ങളും യൂണിയന്‍ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ പേരുകളിലെ തലയും വാലും തപ്പിപോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ എന്ന കുറിപ്പോടെയാണ് പേരുകള്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയുമായി ബന്ധപ്പെട്ട് ലവ് ജിഹാദ് ആരോപിച്ച് ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടന്നത്.
ജാനകിയും നവീനും കോളേജിന്റെ കോറിഡോറില്‍ വെച്ച് കളിച്ച 30 സെക്കന്‍ഡുള്ള നൃത്ത വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
‘റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍…’ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാന്‍സ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വിഡിയോ മിനുറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇരുവരേയും അഭിനന്ദിച്ചും വീഡിയോ പങ്കുവെച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍, ഇതിന് പിന്നാലെ നവീനിന്റേയും ജാനകിയുടേയും മതം തിരഞ്ഞ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ജാനകി ഓം കുമാര്‍ എന്ന പേരും നവീന്‍ റസാഖ് എന്ന പേരുമായിരുന്നു ചിലരെ ചൊടിപ്പിച്ചത്.
അഭിഭാഷകനായ കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തില്‍ ‘എന്തോ ഒരു പന്തികേട് മണക്കുന്നു’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റിട്ടത്. ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നുമായിരുന്നു ഇയാള്‍ എഴുതിയത്.
ഈ പോസ്റ്റിന് താഴെ സമാനപരാമര്‍ശവുമായി നിരവധി പേര്‍ എത്തി. എന്നാല്‍ ജാനകിയേയും നവീനിനേയും പിന്തുണച്ചുകൊണ്ടായിരുന്നു വലിയൊരു വിഭാഗം പേരും എത്തിയത്. എല്ലാത്തിലും വര്‍ഗീയതയും വിദ്വേഷവും കണ്ടെത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കേരള ജനത പ്രതികരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് കുസാറ്റ് എസ്.എഫ്.ഐ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക