തിരുവനന്തപുരം: കെ റെയില്‍ പദ്ധതി സി.പി.ഐ.എം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഇപ്പോള്‍ പദ്ധതി പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേന്ദ്രാനുമതി വേണമെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
‘സില്‍വര്‍ലൈന്‍ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചര്‍ച്ചകളാണ് നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം വ്യക്തതയായിട്ടില്ല. അതിന്മേലുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മാത്രമാണ്,’ യെച്ചൂരി പറഞ്ഞു
കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന് പ്രായ ഇളവ് നല്‍കും. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.
ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസുമുണ്ടാകണമെന്നും യെച്ചൂരി ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷമേ സി.പി.ഐ.എം ഏതെങ്കിലും സഖ്യത്തില്‍ ചേരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സി.പി.ഐ.എമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയായതുകൊണ്ടാണ് രണ്ടാം തവണ വിജയിച്ചെതെന്നും യെച്ചൂരി പറഞ്ഞു.
സംഘടനാ തലത്തിലും പാര്‍മെന്ററി തലത്തിലും പ്രായപരിധി സംബന്ധിച്ചും സ്ത്രീ സംവരണത്തിന്റെ കാര്യത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടും. സമിതികളില്‍ 20 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്നാണ് പാര്‍ട്ടിയുടെ ആലോചന. സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ല എന്നത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞടുപ്പ് ഫലം മാത്രം നോക്കിയല്ല ജയം വിലയിരുത്തേണ്ടത്. വലിയ ബഹുജന സമരങ്ങള്‍ക്ക് ഇന്ന് പാര്‍ട്ടി രാജ്യത്ത് നേതൃത്വം നല്‍കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.