പാര്‍ട്ടി കോണ്‍ഗ്രസിന് ലോകത്തെ നാല്‍പതോളം സഹോദര കമ്മ്യൂണിസ്റ്റ് സംഘങ്ങളില്‍ നിന്ന് ആശംസാ സന്ദേശം ലഭിച്ചു: യെച്ചൂരി
national news
പാര്‍ട്ടി കോണ്‍ഗ്രസിന് ലോകത്തെ നാല്‍പതോളം സഹോദര കമ്മ്യൂണിസ്റ്റ് സംഘങ്ങളില്‍ നിന്ന് ആശംസാ സന്ദേശം ലഭിച്ചു: യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2022, 8:26 pm

കണ്ണൂര്‍: സി.പി.ഐ.എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ലോകത്തെ നാല്‍പതോളം സഹോദര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും തൊഴിലാളി പാര്‍ടികളില്‍ നിന്നുമുള്ള ആശംസാ സന്ദേശം ലഭിച്ചതായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിവസം കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച തുടരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി  ഒന്നാം ദിനമാണ് കരട് രാഷ്ട്രീയ പ്രമേയവും അതുസംബന്ധിച്ചു വന്ന പ്രധാന ഭേദഗതികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. 4001 ഭേദഗതികളാണ് സമയ പരിധിക്കുള്ളില്‍ കേന്ദ്ര കമ്മിറ്റി മുമ്പാകെ വന്നതെന്നെന്നും സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സി.പി.ഐ.എം ഉള്‍പാര്‍ട്ടി രീതി അനുസരിച്ച് കരട് രാഷ്ട്രീയ പ്രമേയം രണ്ടു മാസം മുന്നേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും നേരിട്ട് കേന്ദ്ര കമ്മിറ്റിക്കു മുന്നില്‍ഭേദഗതികള്‍ നിര്‍ദേശിക്കാനുള്ള അവകാശവും ഉണ്ടായിരുന്നു. സമയ പരിമിതിക്കുള്ളില്‍ കേന്ദ്ര കമ്മിറ്റിക്കു ലഭിച്ച എല്ലാ ഭേദഗതികളും പരിഗണിക്കുകയും പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നേ അതൊരു റിപ്പോര്‍ട്ടായി കേന്ദ്ര കമ്മിറ്റി സ്വീകരിച്ച ഭേദഗതികള്‍ ചേര്‍ത്താണ് ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.

കരട് രാഷ്ട്രീയ പ്രമേത്തിന്‍ മേലെയുള്ള ചര്‍ച്ചയില്‍ ഇന്ന് പി. രാജീവ്(കേരളം), ശ്രീജന്‍ ഭട്ടാചാര്യ (പശ്ചിമബംഗാള്‍), ആര്‍. ഭദ്രി (തമിഴ്‌നാട്), ഉദയ് നര്‍ക്കര്‍(മഹാരാഷ്ട്ര), ഹരിപാദ ദാസ്(ത്രിപുര), ലാലന്‍ ചൗധരി(ബിഹാര്‍), രാം ഗോപാല്‍(ആന്ധ്രാ പ്രദേശ്), പ്രകാശ് വിപ്ലവ്(ജാര്‍ഖണ്ഡ് ), ജനാര്‍ദ്ദന്‍ പതി(ഒഡിഷ) ഇസ്ഫക്കര്‍ റഹ്മാന്‍ (ആസാം) ധുലി ചന്ദ്(രാജസ്ഥാന്‍), ബാലകൃഷ്ണ ഷെട്ടി(കര്‍ണാടക) എന്നിവര്‍ പങ്കെടുത്തു.

ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിച്ചു കൊണ്ട് മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില നിത്യേന വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

എന്‍.ഡി.എ ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണം. ധനിക വിഭാഗത്തിന് നിയന്ത്രണവും നികുതിയും ഏര്‍പ്പെടുത്തി പെട്രോളിയും ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവ് വരുത്തുകയും പെട്രോളിയം മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ വല്‍ക്കരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.