ന്യൂനപക്ഷ വിദ്യാഭ്യാസ സഹായങ്ങള്‍ ഓരോന്നായി നിര്‍ത്തുന്നു; മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് യെച്ചൂരി
national news
ന്യൂനപക്ഷ വിദ്യാഭ്യാസ സഹായങ്ങള്‍ ഓരോന്നായി നിര്‍ത്തുന്നു; മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 6:18 pm

ന്യൂദല്‍ഹി: ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസസഹായങ്ങള്‍ ഓരോന്നായി നിര്‍ത്തലാക്കുകയാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകത്തോട് അവതരിപ്പിക്കുന്ന മോദി സര്‍ക്കാര്‍, ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തങ്ങളിലൂടെയും മറ്റ് പൗരാവകാശ ലംഘനങ്ങളിലൂടെയും രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തകര്‍ക്കുകയാണെന്നും യെച്ചൂരി പ്രസ്താവനയില്‍ പറഞ്ഞു.

‘ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിനായി കൊടുത്തിരുന്ന ‘പഠോ പര്‍ദേശ്’ പദ്ധതി നിര്‍ത്തലാക്കിയതായി കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രാലയം ബാങ്കുകളെ അറിയിച്ചു.

ഗവേഷകര്‍ക്കുള്ള മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ്, ഒന്ന് മുതല്‍ എട്ട് വരെ ക്ളാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നത് നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

നിര്‍ത്തലാക്കിയ ‘പഠോ പര്‍ദേശ്’ പദ്ധതി വഴി വിദേശപഠനത്തിനുള്ള വായ്പയില്‍ സബ്‌സിഡി ലഭിച്ചിരുന്നു. വായ്പയുടെ 35 ശതമാനം വനിതകള്‍ക്കായി മാറ്റിവെച്ചിരുന്നു. കാരണങ്ങളൊന്നും സൂചിപ്പിക്കാതെയാണ് പദ്ധതി നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളെ അറിയിച്ചത്.

വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികളില്‍ വരുത്തുന്ന ഫണ്ട് വെട്ടികുറക്കലിനോടൊപ്പം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും നിര്‍ത്തലാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം,’ സീതാറാം യെച്ചൂരി പറഞ്ഞു.

ഇത്തരം സമീപനങ്ങള്‍ വഴി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ മാനിക്കാതെയുള്ള പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.