| Saturday, 16th January 2016, 12:35 pm

വെള്ളത്തേക്കാള്‍ ക്രൂഡോയിലിന് വില കുറഞ്ഞ സാഹചര്യത്തില്‍ മോദിയോട് യെച്ചൂരിയുടെ 4 ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോര്‍ഡ് ഇടിവുണ്ടായിട്ടും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ കുറവുണ്ടായിട്ടില്ല. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവുവരുത്തിയാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയും അതുവഴി ഇന്ധനവിലയിലുണ്ടാവുന്ന കുറവ് ഫലത്തില്‍ സാധാരണക്കാരന് അനുഭവപ്പെടാതിരിക്കുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഈ മാസം രണ്ടാം തിയ്യതി പെട്രോളിന് 37പൈസയും ഡീസലിനു രണ്ടുരൂപയും എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം ഡീസലിന് രണ്ടുരൂപയും പെട്രോളിന് 75 പൈസയും തീരുവ വീണ്ടും വര്‍ധിപ്പിച്ചു. 3700 കോടി രൂപയുടെ അധിക നികുതി വരുമാനമാണ് സര്‍ക്കാറിനു ഇതുവഴി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചില ചോദ്യങ്ങളുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യെച്ചൂരിയുടെ ചോദ്യങ്ങള്‍:

എണ്ണ വില താഴ്ന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാത്ത വിധം സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ കുറച്ച് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.

1.സര്‍ക്കാര്‍ നികത്താന്‍ ശ്രമിക്കുന്ന വരുമാന നഷ്ടം എത്രയാണ്? തുടര്‍ച്ചയായുള്ള എക്‌സൈസ് നികുതി വര്‍ധന വ്യക്തമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികരംഗം വളരുന്നില്ലെന്നും നികുതി ശേഖരണം കുറയുകയാണെന്നുമാണ്.

2. എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്ന രീതി അസന്തുലിതമാണ്. എണ്ണവില ഉയരുമ്പോള്‍ എന്തു സംഭവിക്കുന്നു? സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പണക്കാര്‍ക്ക് കൂടുതല്‍ നികുതി ഇളവും പാവപ്പെട്ടവര്‍ക്ക് വര്‍ധിച്ച നികുതി ഭാരവും എന്നതാണോ?

3. എക്‌സൈസ് നികുതി വഴി കിട്ടുന്ന കൂടുതല്‍ പണം എവിടെയാണ് ചെലവഴിക്കുന്നത്? മുദ്രാവാക്യങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി പാഴാക്കുകയാണോ അല്ലെങ്കില്‍ അടിസ്ഥാന സൗകര്യം, സാമൂഹ്യ മേഖല പോലെയുള്ള പ്രധാന കാര്യങ്ങള്‍ക്കുവേണ്ടിയാണോ ചെലവഴിക്കുന്നത്?

4 അടുത്ത ബജറ്റില്‍ പാവപ്പെട്ടവര്‍ക്ക് നികുതി ഭാരം വര്‍ധിക്കുമെന്നതിന്റെ സൂചനയാണോ ഇത്? സാധാരണക്കാരന് എണ്ണ വില കുറഞ്ഞതിന്റെ ഗുണഫലം ലഭ്യമാക്കാതെ വഞ്ചിക്കുന്നതിനു പകരം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും ഇവന്റുകള്‍ക്കുമായി വന്‍തോതില്‍ ചെലവാക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കില്ലേ?

We use cookies to give you the best possible experience. Learn more