| Sunday, 22nd April 2018, 4:16 pm

സീതാറാം യെച്ചൂരി: അടിയന്തരാവസ്ഥയിലെ വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് ഇന്ത്യന്‍ ഇടത്പക്ഷത്തിന്റെ ജനപ്രിയ മുഖത്തിലേയ്ക്കുള്ള യാത്ര

ശ്രീജിത്ത് ദിവാകരന്‍

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റമ്പി. അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗന്ധിക്കും കോണ്‍ഗ്രസിനുമെതിരായ വന്‍ മുന്നേറ്റങ്ങളായി മാറിയിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷവും ഈ വിദ്യാര്‍ത്ഥി സമരങ്ങള്‍ അവസാനിച്ചില്ല. അടിയന്തരാവസ്ഥ കാലത്ത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാകുന്നത് തടയാന്‍ ചെറുവിരലനക്കാത്ത വൈസ് ചാന്‍സിലര്‍ ഡോ.ബി.ഡി നാഗ്ചൗധരി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലാരംഭിച്ച വിദ്യാര്‍ത്ഥി സമരം ലക്ഷ്യം കണ്ടു. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷവും ഇന്ദിരാഗാന്ധി ജെ.എന്‍.യു ചാന്‍സിലര്‍ പദവില്‍ തുടരുന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ അടുത്ത പ്രശ്നം.

അന്നത്തെ എസ്.ഐ.ഐ നേതാവും ആ പ്രതിഷേധത്തില്‍ പങ്കാളിയുമായ പ്രൊഫ. ചമല്‍ലാലില്‍ ആ ദിവസങ്ങള്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്:

1977 സെപ്തംബര്‍ അഞ്ച്. ജെ.എന്‍.യു കാമ്പസില്‍ നിന്ന് അടിയന്തരാവസ്ഥകാലത്ത് ജയിലിലായിരുന്ന എസ്.എഫ്.ഐ നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. പൊലീസ് ഗേറ്റില്‍ തടഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ പിന്മാറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥകാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരസഹമന്ത്രി ഓംമേത്തയ്ക്കും സന്തതസഹചാരികള്‍ക്കുമൊപ്പം ഇന്ദിരാഗാന്ധി പുറത്തേയ്ക്കിറങ്ങി വന്നു.

മുദ്രവാക്യം വിളികള്‍ കേട്ട് കൂസാതെ നിന്ന ഇന്ദിരയ്ക്ക് അരികിലെത്തി വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കി സീതാറാം അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളെ പറ്റിയുള്ള കുറ്റപത്രം ഇന്ദിരയ്ക്കെതിരെ വായിക്കാന്‍ തുടങ്ങി. ആദ്യഖണ്ഡിക തന്നെ പൊലീസ് ക്രൂരതകളുടെ വാങ്മയ ചിത്രമായിരുന്നു. ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു. അത് അസ്വസ്ഥതയും രോഷമായും മാറി. അവര്‍ സഹചാരികള്‍ക്കൊപ്പം അകത്തേയക്ക് കയറിപ്പോയി. സീതാറാം വായന തുടര്‍ന്നു. ആ കുറ്റപത്രം ഇന്ദിരയുടെ വസതിയില്‍ തന്നെ വച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനമായി തിരികെ വന്നത്. അടുത്ത ദിവസം തന്നെ ഇന്ദിര ജെ.എന്‍.യു ചാന്‍സിലര്‍ പദവി രാജിവച്ചു.

ആ എസ്.എഫ്.ഐ നേതാവില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ രാഷ്ട്രീയനേതാക്കളിലൊരാളായുള്ള സീതാറാം യെച്ചൂരിയുടെ വളര്‍ച്ച ഏറ്റവും സ്വാഭാവികമായിരുന്നു. അന്ന് കോണ്‍ഗ്രസിനെതിരെയായിരുന്നു സീതാറാമിന്റേയും സി.പി.ഐ.എമ്മിന്റേയും നയമെങ്കില്‍ ഇന്ന് ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി പോലും സഖ്യമാകാം എന്ന നിലപാടിലേയ്ക്ക് സി.പി.ഐ.എമ്മിനെ എത്തിക്കാന്‍ കൂടിയാണ് സീതാറാമിന്റെ പാര്‍ട്ടിക്കകത്തുള്ള പോരാട്ടം.

***

“”എന്താണ് വ്യക്തമാകാത്തത്? നിങ്ങളെത്ര ആവര്‍ത്തിച്ച് ചോദിച്ചാലും എന്റെ ഭാഗത്ത് നിന്ന് ഒരേയൊരുത്തരമേ ഉണ്ടാകൂ. തൃപ്തിയായില്ലെങ്കില്‍ ഞാന്‍ മറ്റൊരു ഭാഷയില്‍ പറയാം. എനിക്കഞ്ചുഭാഷയറിയാം. പക്ഷേ ഏതു ഭാഷയില്‍ സംസാരിച്ചാലും ഒരേ കാര്യമായിരിക്കും പറയുക””- ഈ വാചകം, അല്ലെങ്കില്‍ വാചകങ്ങള്‍, പാര്‍ലമെന്റിനകത്ത്, സമ്മേളന കാലത്ത്, ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വൈകീട്ട് നാലുമണിക്ക് കേള്‍ക്കും. പത്രക്കാരെ കളിയാക്കുകയാണോ എന്ന് സംശയിക്കാവുന്ന ഒരു ചിരിയുണ്ടാകും മുഖത്ത്. സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനിനടുത്താണെങ്കില്‍ തുടര്‍ച്ചയായി ചാര്‍മിനാറും വലിച്ച് നിന്ന് ചര്‍ച്ച നടത്തും. അടുപ്പമുള്ളവരുടെ തോളത്തോ ചുമലിലൊ പിടിച്ച്, ആശയവ്യക്തതയുടെ കാര്യത്തില്‍ യാതൊരു സംശയവുമില്ലാത്ത സംസാരം. പത്രക്കാരുടെ മുഖത്ത് നോക്കി നുണപറയും. അവരെ മിസ് ലീഡ് ചെയ്യിക്കും. പിന്നെ ഔദ്യോഗിക പത്രസമ്മേളനത്തിന് ശേഷം കളിയാക്കിയുള്ള ആ ചിരിയോടെ ഔദ്യോഗിക ഭാഷ്യങ്ങള്‍ ആവര്‍ത്തിക്കും.

കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ അല്ലാതെ എസ്.എഫ്.ഐ അഖിലേന്ത്യാ നേതൃത്വത്തിലേയ്ക്ക് വരുന്ന ആദ്യത്തെയാള്‍ എന്നതും അടിയന്തിരാവസ്ഥകാലത്തെ ജെ.എന്‍.യു നേതാവ് എന്നതുമായിരിക്കും സീതാറാമിന്റെ ശ്രദ്ധേയനാക്കിയ ആദ്യഘടകം. എസ്.ഐ.ഐ നേതൃത്വത്തില്‍ നിന്ന് ഒഴിയുന്നതിന് മുമ്പ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയിലേയ്ക്ക്, 1985-ല്‍, എത്തിയ സീതാറാം ഒരു പക്ഷേ ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളിലൊരാളാകും.

തുടര്‍ന്ന് ഇതേ വര്‍ഷം ഇ.എംഎസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തി രൂപവത്രിക്കരിച്ച സി.പി.ഐ.എം കേന്ദ്ര സെക്രട്ടറിയേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി സീതാറാം. പൊളിറ്റ് ബ്യൂറോയുടെ കീഴില്‍ കൂടുതല്‍ ഫലപ്രദമായും കൂടുതല്‍ നവീനമായ ആശയങ്ങള്‍ കൊണ്ടുവരാനും പ്രവര്‍ത്തിക്കാനും വേണ്ടി രൂപവത്കരിച്ച ഈ ചെറുപ്പക്കാരുടെ സെക്രട്ടറിയേറ്റില്‍ മറ്റംഗങ്ങള്‍ പ്രകാശ്കാരാട്ട്, എസ്.ആര്‍.പി, സുനില്‍മിത്ര, പി.രാമചന്ദ്രന്‍ എന്നിവരായിരുന്നു. 1992-ലെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ്കാരാട്ടിനും എസ്.ആര്‍.പി.ക്കുമൊപ്പം സി.പി.ഐ.എം പോളിറ്റ് ബ്യൂറോയിലേയ്ക്കും യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു.


Dont Miss: വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരോട് കോമാളിത്തരം കാണിച്ച് പാക് ക്രിക്കറ്റ് താരം; പ്രതിഷേധവുമായി ഇന്ത്യ

1996-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സി.പി.ഐ.എം അതികായനായ ജ്യോതി ബസുവിനെ സഖ്യകക്ഷികള്‍ നിര്‍ദ്ദേശിച്ചപ്പോള്‍, പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചെയ്ത് അത് തള്ളിയതിന് നേതൃത്വം വഹിച്ചത് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടങ്ങുന്ന ചെറുപ്പക്കാരുടെ ബ്രിഗേഡ് ആയിരുന്നു. ചരിത്രപരമായ വിഡ്ഢിത്തമെന്ന് ജ്യോതിബസു പിന്നീട് വിശേഷിപ്പിച്ച ആ കാര്‍ക്കശ്യനിലപാടില്‍ നിന്ന് അകന്ന് മാറുന്ന സീതാറാമിനെയാണ് പിന്നീടുള്ള കാലത്ത് കണ്ടത്. പ്രകാശ് കാരാട്ടിന്റെ നിഴലില്‍ നിന്ന് മാറി സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയത്തില്‍ തരിമ്പും വെള്ളം ചേര്‍ക്കാതെ തന്നെ വിഭിന്നമായ ശബ്ദത്തില്‍ സീതാറാം യെച്ചൂരി സംസാരിച്ചു തുടങ്ങി.

2004-ല്‍ ബി.ജെ.പിക്കെതിരായി യു.പി.എ സര്‍ക്കാരിനു പുറത്ത് നിന്ന് പിന്തുണ നല്‍കാനായി ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിതിന്റെ നേതൃത്വത്തിലുള്ള സി.പി.ഐ.എം തീരുമാനമെടുത്തപ്പോള്‍ മുതല്‍ പാര്‍ലമെന്ററി രാഷ്ട്രീയരംഗത്തെ പ്രശസ്തമുഖമായി സീതാറാം യെച്ചൂരി മാറി. യു.പി.എ-ലെഫ്റ്റ് കോര്‍ഡിനേഷന്‍ സമിതി യു.പി.എ ഭരണകാലത്ത് മുഴുവന്‍ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായേപ്പോള്‍ സ്വതസിദ്ധമായ ഭാഷാചാതുര്യം കൊണ്ടും നയതന്ത്രജ്ഞതകൊണ്ടും സീതാറാം യെച്ചൂരി ഇടത്പക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടമുഖമായി മാറി.

രാജ്യസഭാംഗമെന്ന നിലയിലുള്ള പ്രകടനം കൂടിയായപ്പോള്‍ സീതാറാം പൂര്‍ണ്ണമായും വെള്ളിവെളിച്ചത്തിലായി. ആണവക്കരാറിനെ ചൊല്ലി സി.പി.ഐ.എമ്മും കോണ്‍ഗ്രസുമായി ഇടഞ്ഞതിന് ശേഷവും രണ്ടാം യു.പി.എ കാലത്തുമെല്ലാം കോണ്‍ഗ്രസിനെ അതി നിശിതമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ലമെന്റില്‍ തുടരുമ്പോഴും സീതാറാമിന് കോണ്‍ഗ്രസ് നേതൃത്വമുമായി നല്ല ബന്ധമായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ആദ്യകാലത്ത് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ നിവേദനവുമായി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യു.പി.എ അധ്യക്ഷ സോണിയഗാന്ധിയെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടെന്ന് പോലും മറന്ന് “സീതാറാം വീ റിയലി മിസ് യൂ” എന്ന് സോണിയഗാന്ധി പറഞ്ഞതോര്‍ക്കുന്നു.

രണ്ടാം യു.പി.എ കാലത്തും എന്‍.ഡി.എയുടെ ആദ്യകാലത്തും പാര്‍ലമെന്റിലെ താരമായിരുന്നു സീതാറാം യെച്ചൂരി. അതിജാഗ്രതയോടെ നിയമങ്ങള്‍ക്ക് കാവലിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ യോജിക്കുന്ന സാമ്പത്തിക-വിദേശ-വിദ്യാഭ്യാസ നയങ്ങളില്‍ മറ്റൊരു അഭിപ്രായമുണ്ട് ഇന്ത്യയ്ക്ക്, ഒരു ബദല്‍ നയമാകാം എന്നുള്ള കാര്യം പാര്‍ലമെന്റിറി രേഖകളിലെങ്കിലും ഉള്‍പ്പെടുത്തുന്നതില്‍ സീതാറാം പ്രധാനപങ്കുവഹിച്ചു. ഇടത്പക്ഷത്തിന്റെ ശബ്ദം കൂടി കേള്‍ക്കേണ്ടതാണ് എന്ന് മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും തോന്നലുണ്ടാക്കാന്‍ ഇക്കാലം പ്രയോജനപ്പെട്ടു. ആദ്യ ടേമില്‍ ബൃന്ദാകാരാട്ടും രണ്ടാം ടേമില്‍ പി.രാജീവുമായിരുന്നു സീതാറാമിന്റെ പാര്‍ലമെന്റിലെ പിന്‍ബലം. അവര്‍ രണ്ടുപേരും ആ പങ്ക് വലിയതോതില്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

സീതാറാമിനെ പോലെ സമര്‍ത്ഥനും തന്ത്രശാലിയുമായ ഒരാള്‍ പാര്‍ല്യമെന്റില്‍ ഇടത്പക്ഷത്തെ പ്രതിനിധീകരിക്കാന്‍ ഉള്ളതിന്റെ ഗുണഫലങ്ങള്‍ 12 വര്‍ഷം നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഈ പന്ത്രണ്ട് വര്‍ഷങ്ങളില്‍ മൂന്ന്-മൂന്നര വര്‍ഷം ഇടത്പക്ഷം കേന്ദ്രഭരണത്തിന് പിന്തുണ നല്‍കിയിരുന്ന കാലമാണ്. രാജ്യസഭയില്‍ സീതാറാമും ബൃന്ദകാരാട്ടും എത്തിയതോടെ സി.പി.ഐ.എമ്മിന്റെ ഏറ്റവും നല്ല പാര്‍ലമെന്റ് കാലം തുടങ്ങുകയായി. ട്രേയ്ഡ് യൂണിയനിസ്റ്റും അടിമുടി മാന്യനുമായ ദിപാങ്കുര്‍ മുഖര്‍ജിയൊക്കെ അപ്പോഴും രാജ്യസഭയിലുണ്ടായിരുന്നു.

സാമ്പത്തിക, വിദേശ നയങ്ങള്‍, വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി റൈറ്റ്, കാര്‍ഷിക പ്രതിസന്ധി, വിമന്‍സ് റിസര്‍വേഷന്‍ ബില്‍, ആണവക്കരാര്‍, വിലക്കയറ്റം..പാര്‍ലമെന്റില്‍ വേറിട്ടൊരു ശബ്ദം കേള്‍ക്കുക ഇടത്പക്ഷത്തിന്റേതായിരിക്കും. ദളിത്-മനുഷ്യവകാശ പ്രശ്നങ്ങള്‍ വരുമ്പോള്‍ ബി.എസ്.പി, കാര്‍ഷിക പ്രതിസന്ധി പ്രശ്നങ്ങള്‍ വരുമ്പോള്‍ സമാജ്വാദി പാര്‍ട്ടിയും ജെ.ഡി.യുവും മുസ്‌ലീം സ്പെസിഫിക് പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒവൈസി തുടങ്ങിയവര്‍ ഇല്ലെന്നല്ല, ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റേയും നയങ്ങള്‍ തത്വത്തില്‍ ഒന്നായി വരുന്ന ഒട്ടേറെ പൊതുവിഷയങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനകത്തുനിന്നു കൊണ്ടുള്ള വേറിട്ട, മനുഷ്യപക്ഷ, നിലപാടുകള്‍ ശക്തവും ഫലപ്രദവുമായി അവതരിപ്പിക്കാന്‍ ഇടത്പക്ഷത്തിന് കഴിഞ്ഞിരുന്നു. സി.പി.ഐയുടെ ഗുരുദാസ്ദാസ്ഗുപ്തയൊക്കെ അക്കാര്യത്തില്‍ സമര്‍ത്ഥനായിരുന്നു.

ജനകീയത എന്നത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മോശമായ ഒന്നല്ല എന്ന് തിരിച്ചറിഞ്ഞ സി.പി.ഐ.എം നേതാവ് എന്നതാണ് സീതാറാമിന്റെ ഏറ്റവും വലിയ പ്രസക്തി. കേരളത്തിലെ പാര്‍ട്ടി വിഭാഗീയതയില്‍ ഇടപെടുമ്പോഴും പശ്ചിമബംഗാളില്‍ അവശേഷിക്കുന്ന നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിലും മറ്റ് പാര്‍ട്ടികളുടെ നേതാക്കളുമായി തന്ത്രപരമായ സൗഹാര്‍ദ്ദം സൂക്ഷിക്കുന്നതിലുമെല്ലാം ഇത് സുവ്യക്തമാണ്.

സി.പി.ഐ.എം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുന്ന കാലത്താണ് രണ്ടാം വട്ടം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം കരുത്തുറ്റ പോരാട്ടങ്ങളിലൂടെ, പ്രക്ഷോഭങ്ങളിലൂടെ ഉത്തരേന്ത്യന്‍ ഹൃദയഭൂമിയില്‍ മറ്റൊരു സാന്നിധ്യം തെളിക്കുന്ന കാലവുമാണിത്. 2019-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലും കേരളത്തിലും ത്രിപുരയിലും മാത്രമല്ല, രാജസ്ഥാനിനും മഹാരാഷ്ട്രയിലും ഹിമാചല്‍ പ്രദേശിലും അടക്കം സി.പി.ഐ.എമ്മിന്റെ അടിത്തറകള്‍ ഭദ്രമാക്കുക എന്നതും ബി.ജെ.പിയെ നേരിടാന്‍ പാര്‍ട്ടി ആരുമായെല്ലാം സഖ്യമാകാമെന്നും തീരുമാനമെടുക്കുക കൂടി വേണം. അഥവാ വെല്ലുവിളികളുടെ മൂന്ന് വര്‍ഷമാണ് സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more