കണ്ണൂര്‍: ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സി.പി.ഐ.എമ്മിനുള്ളതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയും ആര്‍.എസ്.എസും നയിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിനെ എതിര്‍ക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതു പക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയെന്നതാണ് പ്രധാന അജണ്ടയെന്നും ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിക്കും. ഹിന്ദുത്വ ശക്തിയെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കാന്‍ സി.പി.ഐ.എം മുന്‍കൈയ്യെടുക്കും, യെച്ചൂരി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടയാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ അജണ്ടയെ എതിര്‍ക്കാന്‍ കഴിയുക ഇടതു പക്ഷത്തിന് മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ കോണ്‍ഗ്രസിനെയും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറിന് പങ്കെടുക്കാന്‍ വിളിച്ചാല്‍ പോലും കോണ്‍ഗ്രസുകാര്‍ എത്തുന്നില്ല. സെമിനാറില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നില്‍ക്കാതെ എങ്ങനെയാണ് ബി.ജെ.പിക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കുന്നത്. കോണ്‍ഗ്രസിന് മതനിരപേക്ഷ പാര്‍ട്ടി എന്ന പേര് മാത്രമാണ് ഉളളത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഇടതുപക്ഷം കേരളമെന്ന ഒരു ചെറിയ മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇത് പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു. ചെറുതാണെങ്കില്‍ പോലും ഈ പ്രത്യയശാസ്ത്രം ഏറെ ഭയപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ചെറുതായ സ്ഥലത്ത് ഒതുങ്ങി നില്‍ക്കുന്നു എന്ന് പറയുമ്പോഴും ഇത്തരത്തില്‍ പറയാന്‍ ഒരു കാരണമുണ്ട്. ഈ പ്രത്യയശാസ്ത്രം ചരിത്രപരമായ മുന്നേറ്റത്തിന്റേതാണ്. ചൂഷണ ആധിപത്യം ഇല്ലാതാക്കുന്നതിന് കരുത്തുപകരുന്നതാണ്. എല്ലാ വെല്ലുവിളികളേയും മറികടക്കുന്നതാണ് ഈ പ്രത്യയശാസ്ത്രം, യെച്ചൂരി പറഞ്ഞു.
ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബി.ജെ.പിക്കും കൃത്യമായി അറിയാമെന്നും ഈ ശക്തിയാണ് അവര്‍ ഭയക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
Content Highlights: Sitaram Yechury criticizes BJP at party congress