കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനുള്ള വിപുലമായ രാഷ്ട്രീയ പോരാട്ടത്തിനുള്ള സമയമാണിതെന്നും അതിന് നേതൃത്വം നല്‍കാന്‍ സി.പി.ഐ.എം തയ്യാറാണെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ബഹുസ്വരതയെ സംരക്ഷിക്കാനാണ് സി.പി.ഐ.എം എക സിവില്‍കോഡിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെതിരെ സി.പി.ഐ.എം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയമം ഏകീകരിക്കുന്നതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സമത്വം ഉറപ്പാക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു.
‘അസഹിഷ്ണുത നിറഞ്ഞ വെറുപ്പ് പ്രചരിക്കുന്ന ഒരു രാഷ്ട്രത്തെ നിര്‍മിക്കാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നത്. രാജ്യത്ത് സാമുദായികമായ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ഉപകരണമായാണ് ബി.ജെ.പി ഏക സിവില്‍കോഡിനെ കാണുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ സംരക്ഷിക്കാനാണ് സി.പി.ഐ.എം എക സിവില്‍കോഡിനെ എതിര്‍ക്കുന്നത്.
ഹിന്ദു മതത്തിലെ വ്യത്യസ്ത മതവിഭാഗങ്ങളില്‍ തന്നെ വ്യത്യസ്ത ആചാരങ്ങള്‍ നില്‍ക്കുകയും അത് സംരക്ഷിക്കപ്പെടുകയും നാട്ടിലാണ് ബി.ജെ.പി ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.
രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ മതനിരപേക്ഷത, സാമ്പത്തിക പരമാധികാരം, സാമൂഹിക നീതി, ഫെഡറലിസം എന്നിവ നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ തന്റെ മതവും ജാതിയും ചോദിക്കാത്ത ഒരേയൊരു സംസ്ഥാനമായ കേരളത്തിലാണ് ഇങ്ങനെയൊരു സെമിനാര്‍ നടക്കുന്നതെന്നത് സന്തോഷകരമാണ്,’ യെച്ചൂരി പറഞ്ഞു.