എസ്.എന്‍.ഡി.പിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറി; വിമര്‍ശനവുമായി സീതാറം യെച്ചൂരി
Kerala News
എസ്.എന്‍.ഡി.പിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറി; വിമര്‍ശനവുമായി സീതാറം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 6:13 pm

തിരുവനന്തപുരം: എസ്.എന്‍.ഡി.പിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എമ്മിന് ലഭിച്ചിരുന്ന എസ്.എന്‍.ഡി.പി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്നും അവ തിരിച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് നടന്ന സി.പി.ഐ.എം ദക്ഷിണ മേഖലാ റിപ്പോര്‍ട്ടിങ്ങിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ട്ടിയിലെ വോട്ട് ചോര്‍ച്ച എങ്ങനെ സംഭവിച്ചു എന്നതിലായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്. സി.പി.ഐ.എമ്മിന് ലഭിച്ചിരുന്ന എസ്.എന്‍.ഡി.പി വോട്ടുകള്‍ കുറഞ്ഞതും, എസ്.എന്‍.ഡി.പിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയതും വോട്ട് ചോര്‍ച്ചക്ക് കാരണമായി എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്.

എസ്.എന്‍.ഡി.പിയില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കണം പാര്‍ട്ടി ഇനിയങ്ങോട്ട് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് നഷ്ടമായ എസ്.എന്‍.ഡി.പി വോട്ടുകള്‍ തിരികെ കൊണ്ടുവരണം. വെള്ളവും മത്സ്യവും പോലെയാണ് സി.പി.ഐ.എമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാര്‍ട്ടി കൂടുതല്‍ ഇറങ്ങി ചെല്ലേണ്ടതുണ്ട്. ചെറുപ്പക്കാരെ ആകര്‍ഷിക്കാനും പാര്‍ട്ടിക്ക് സാധിക്കണം.

തോല്‍വിയിലെ കാരണങ്ങളെല്ലാം പഠിച്ച് വലിയ രീതിയിലുള്ള തിരിച്ചുവരവ് പാര്‍ട്ടി നടത്തുമെന്നും യോഗത്തിന് ശേഷം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും എസ്.എന്‍.ഡിപിക്കെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ചു. ശാഖ യോഗങ്ങളില്‍ പോലും സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരികി കയറ്റുന്നുണ്ടെന്നും എതിര്‍ അഭിപ്രായം പറയുന്നവരെ കമ്മറ്റിയില്‍ നിന്ന് പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിക്കുകയും ചെയ്യുന്ന നിലപാട് എസ്.എന്‍.ഡി.പി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ വൈകിയത് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായെന്നും അത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ലേക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്നാണ് മൂന്ന് മേഖലകളായി തിരിച്ച് കൊണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍ നടത്തിയത്. അതില്‍ മൂന്നാമത്തേത് ആയിരുന്നു കൊല്ലത്ത് നടന്ന ദക്ഷിണ മേഖല റിപ്പോര്‍ട്ടിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ലോക്കല്‍ സെക്രട്ടറി വരെ ഉള്ളവരാണ് ഈ റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്.

Content Highlight: sitaram yechury criticised sndp