ആലപ്പുഴ: അമേത്തി മാത്രമല്ല വയനാടും രാഹുലിന് സുരക്ഷിത മണ്ഡലമല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയ്ക്കും നരേന്ദ്രമോദിയ്ക്കുമെതിരെ നേര്‍ക്ക് നേര്‍ പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിനെതിരായാണ് രാഹുല്‍ മത്സരത്തിനറങ്ങുന്നത്. മുന്‍ഗണന മറന്നുള്ള വയനാട്ടിലെ രാഹുലിന്റെ മത്സരം ബി.ജെ.പിയെ സഹായിക്കാന്‍വേണ്ടി മാത്രമാണ്. ബി.ജെ.പിയ്ക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തില്‍ മത്സരിക്കുന്ന രാഹുലിനെ തോല്‍പ്പിച്ച് മറുപടി നല്‍കണമെന്നും യെച്ചൂരി പറഞ്ഞു.
ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് യെച്ചൂരിയുടെ പ്രതികരണം.
കോണ്‍ഗ്രസ് പ്രകടന പത്രിക ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിന്റെ പകര്‍പ്പാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയവും വ്യാപകമായ അഴിമതിയുമാണ് ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചത്. മോദി സര്‍ക്കാര്‍ അതേനയം കൂടുതല്‍ ശക്തമായി നടപ്പാക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് അതിന്റെ പ്രചാരകരായി. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുന്നതിലൂടെ മാത്രമേ ഈനയം തിരുത്താനാകൂവെന്നും യെച്ചൂരി പറഞ്ഞു.
ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ഭീകരത നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ആരുടെ ഭാഗത്ത് നിന്ന് ഭീകരത ഉണ്ടായാലും ചെറുക്കേണ്ടതാണ്. ഇതിനായി ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിന് ബി.ജെ.പിയുടെ സാമ്പത്തിക നയത്തെയൊ വര്‍ഗീയതയെയോ എതിര്‍ക്കാനാകില്ല. ഇതു മനസ്സിലാക്കി എല്‍.ഡി.എഫിന് മുഴുവന്‍ സീറ്റിലും മികച്ച വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.