ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ പങ്കുവെച്ചകൊണ്ട് നടത്തിയ വാര്‍ത്താ സ്‌മ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
‘കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ് മറ്റു അന്വേഷണങ്ങളിലേക്ക് കൂടി പുരോഗമിക്കുകയാണ്. മന്ത്രിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ സി.പി.ഐ.എമ്മിന്റെ പ്രതിച്ഛായ തകര്‍ന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷെ ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് കീഴില്‍ വരുന്നതാണ്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി ആവര്‍ത്തിച്ച് പറയുന്നു. കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും,’ സീതാറാം യെച്ചൂരി പറഞ്ഞു.
അന്വേഷണം നടക്കട്ടെയെന്നാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കേന്ദ്ര സര്‍ക്കാരാണ് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തുന്നതെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും എല്ലാം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെച്ചുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അതിന് ഉദാഹരണമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ കടുത്ത കടന്നാക്രമണമാണ് നടക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തെ ശക്തമായി എതിര്‍ക്കുന്നവരുടെ പേരില്‍ ദേശസുരക്ഷനിയമം, യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി പീഡിപ്പിക്കുകയാണെന്നും ഭീമ-കൊറഗാവ് കേസില്‍ എന്‍.ഐ.എയുടെ ഏകപക്ഷീയ നടപടികളും കേസ് അന്വേഷണത്തിന്റെ ഗതികളും ഈ പ്രവണതയുടെ ഭാഗമാണെന്നും യോഗം വിലയിരുത്തി.
ഡോ. കഫീല്‍ഖാന്റെ പേരില്‍ ചുമത്തിയ ദേശസുരക്ഷനിയമക്കുറ്റം എടുത്തുകളഞ്ഞ് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിനു ജാമ്യം നല്‍കിയത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണെന്നും പി.ബി യോഗത്തില്‍ വിലയിരുത്തി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക