സര്‍വകക്ഷിയോഗം; ഇന്ത്യ പഞ്ചശീല്‍ കരാര്‍ മുറുകെ പിടിക്കണമെന്ന് യെച്ചൂരി, ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സോണിയ
All Party Meet
സര്‍വകക്ഷിയോഗം; ഇന്ത്യ പഞ്ചശീല്‍ കരാര്‍ മുറുകെ പിടിക്കണമെന്ന് യെച്ചൂരി, ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സോണിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th June 2020, 7:49 pm

ന്യൂദല്‍ഹി: ചൈനയുമായുള്ള ബന്ധം സമാധാനപരമായി നിലനില്‍ക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പഞ്ചശീല്‍ ഉടമ്പടിയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായതോടെ 1954ല്‍ ഇരുരാജ്യങ്ങളും സമാധാനമെന്ന ഉദ്ദേശത്തോടെ ഒപ്പു വെച്ച ഉടമ്പടിയാണ് പഞ്ചശീല്‍. ഇത് പ്രകാരം ഇന്ത്യയും ചൈനയും പരസ്പര സഹകരണത്തോടെ, സമാധാനത്തില്‍ നിലകൊള്ളുമെന്നു ഉടമ്പടിയായതാണ്.

അതേസമയം ഇന്ത്യയെ സഖ്യത്തില്‍ ചേര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമത്തെ പ്രതിരോധിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ലഡാക്ക് സംഘര്‍ഷത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ സുതാര്യമായി പറയമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞത്.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തെ 15 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ