അര്‍ഹമായ വിഹിതത്തിനായി സംസ്ഥാനങ്ങള്‍ ഭിക്ഷാടനപാത്രവുമായി എത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്: സീതാറാം യെച്ചൂരി
national news
അര്‍ഹമായ വിഹിതത്തിനായി സംസ്ഥാനങ്ങള്‍ ഭിക്ഷാടനപാത്രവുമായി എത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 6:25 pm

ന്യൂദല്‍ഹി: പ്രതിപക്ഷം രാജ്യത്ത് വടക്ക്-തെക്ക് വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് എതിരെ സീതാറാം യെച്ചൂരി. കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റിനുള്ള നന്ദി പ്രമേയ പ്രസംഗത്തിലായിരുന്നു മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയത്.

കേന്ദ്ര അവഗണനക്കെതിരെ ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തില്‍ സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിന് മറുപടി നല്‍കുകയായിരുന്നു.

കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തില്‍ ദല്‍ഹിയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുത്തത് മോദി പറയുന്നത് പോലെയൊരു വിഭജനമില്ലെന്ന് കാണിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

‘പ്രതിപക്ഷം വടക്ക്-തെക്ക് വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രം പ്രധാനമന്ത്രി മനസിലാക്കണം. കെജ്രിവാള്‍ തെക്കനല്ല, ഭാഗവന്ത് മന്നും തെക്കനല്ല, കശ്മീരില്‍ നിന്നുള്ള ഫാറൂഖ് അബ്ദുള്ളയും തെക്കനല്ല.

ഒരുപക്ഷേ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. ഇത് വടക്ക്-തെക്ക് പോരാട്ടമല്ല, ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്,’ സീതാറാം യെച്ചൂരി പറഞ്ഞു.

സംസ്ഥാനങ്ങള്‍ തങ്ങളുടെ അര്‍ഹമായ വിഹിതത്തിന് വേണ്ടി ഭിക്ഷാടനപാത്രവുമായി തങ്ങളുടെ അടുത്ത് എത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം രാജ്യത്തെ വടക്കും തെക്കുമായി വിഭജിക്കുകയാണെന്ന് പ്രധാനമന്ത്രി പറയുമ്പോഴും മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് കേന്ദ്രമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ജന്തര്‍ മന്തറില്‍ കേരളം നടത്തുന്ന സമരത്തില്‍ പഞ്ചാബ്, ദല്‍ഹി മുഖ്യമന്ത്രിമാര്‍ക്ക് പുറമേ തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനും പങ്കെടുത്തു.

Content Highlight: Sitaram Yechury against Prime Minister Narendra Modi’s allegations