| Tuesday, 24th December 2019, 8:01 pm

'എന്‍.പി.ആര്‍ എന്നാല്‍ എന്‍.ആര്‍.സി തന്നെ, നിങ്ങളെത്ര കാലം ഈ ജനതയെ മണ്ടന്മാരാക്കും'; രൂക്ഷ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍.പി.ആര്‍ എന്നാല്‍ എന്‍.ആര്‍.സി തന്നെയാണെന്നും എത്രകാലം മോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുപോകുമെന്നും യെച്ചൂരി ചോദിച്ചു.

‘എന്‍.പി.ആര്‍=എന്‍.ആര്‍.സി. മോദി സര്‍ക്കാര്‍ എത്രത്തോളം നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും? എന്‍.ആര്‍.സി പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന രേഖയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ഈ സര്‍ക്കാര്‍ രാജ്യസഭയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്’, യെച്ചൂരി ട്വീറ്റ് ചെയ്തു.

സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍.ആര്‍.സിക്ക് മുന്നോടിയായാണ് എന്‍.പി.ആര്‍ നടപ്പാക്കുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

എന്‍.ആര്‍.സി തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് കുറഞ്ഞത് 12 മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ എന്‍.പി.ആറില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്‍.ആര്‍.സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍.പി.ആര്‍ നീക്കം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്നാണ് സെന്‍സസ് കമ്മീഷന്‍ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സിയും സി.എ.എയും മൂലം ഉടലെടുത്ത ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more